**പാലക്കാട്◾:** പട്ടാമ്പി കൊപ്പം ഹൈസ്കൂൾ ജംഗ്ഷനിൽ വൻ ലഹരി വേട്ട. സംഭവത്തിൽ ലോറി ഡ്രൈവറെ കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തു. കൊപ്പം ഹൈസ്കൂൾ പരിസരത്തു നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടികൂടിയത്.
പാലക്കാട് എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസ്ഫ് സംഘവും കൊപ്പം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലോറി പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി മുതൽ കൊപ്പം ഹൈസ്കൂൾ പരിസരത്ത് ഡാൻസ്ഫ് സംഘത്തിൻറെ പ്രത്യേക നിരീക്ഷണം ഉണ്ടായിരുന്നു. വ്യാപാരസ്ഥാപനങ്ങളിലേക്കുള്ള സാധനങ്ങൾക്കിടയിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ ചാക്കുകളിലായി സൂക്ഷിച്ചത്.
പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നിരോധിത പുകയില ഉത്പന്നങ്ങൾ ബാംഗ്ലൂരിൽ നിന്നും എത്തിച്ചതാണെന്ന് സംശയിക്കുന്നു. 100 ഓളം ചാക്കുകളിൽ നിന്നായാണ് നിരോധിത ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. KL 51 Q3215 എന്ന നമ്പറുള്ള ലോറിയിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ രാവിലെ നടത്തിയ പരിശോധനയിലാണ് പൊലീസ് പിടികൂടിയത്.
കൊപ്പം, പട്ടാമ്പി, കൂറ്റനാട്, ചാലിശ്ശേരി, തൃത്താല തുടങ്ങിയ മേഖലകളിൽ ചില്ലറ വ്യാപാരം നടത്തുവാൻ ലക്ഷ്യമിട്ടാണ് ഇവ എത്തിച്ചത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം പോലീസ് നടത്തിവരികയാണ്.
അതെ സമയം കൊപ്പം ഹൈസ്കൂൾ ജംഗ്ഷനിൽ വച്ച് തന്നെ ലഹരി കടത്തിയ ഒരു കാറും പൊലീസ് പിടിച്ചു. കാറിലുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
story_highlight:പാലക്കാട് കൊപ്പം ഹൈസ്കൂൾ ജംഗ്ഷനിൽ വൻ ലഹരി വേട്ട; ലോറി ഡ്രൈവർ കസ്റ്റഡിയിൽ.