കോഴിക്കോട് നിപ ബാധിച്ച് 12 വയസ്സുകാരൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ്.
സമ്പർക്ക പട്ടിക കൂടിയേക്കുമെന്നും രോഗ ഉറവിടം കണ്ടെത്താനായി പരിശോധനകൾ നടത്തുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ 12 വയസ്സുകാരൻ കഴിഞ്ഞ ദിവസമാണ് നിപ ബാധിച്ച് മരിച്ചത്.
188 കോണ്ടാക്ടുകൾ ഇന്നലെ കണ്ടെത്തി.20 പേർ ഹൈ റിസ്ക് വിഭാഗത്തിലാണുള്ളത്.കൂടുതൽ കോണ്ടാക്ടുകൾ ഉണ്ടായേക്കാം. രോഗ ഉറവിടം കണ്ടെത്തുക പ്രധാനമാണ്.ഇവ രണ്ടിനും പ്രാധാന്യം നൽകിക്കൊണ്ട് മുന്നോട്ടുപോകാനാണ് തീരുമാനം.
കുട്ടിക്ക് രോഗം ബാധിച്ചതെവിടെ നിന്നുമാണെന്ന് കണ്ടെത്താനായുള്ള എല്ലാ ശ്രമങ്ങളും നടത്തും.ഭവനസന്ദർശനം നടത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
കുട്ടിയുടെ അമ്മയ്ക്ക് നിലവിൽ പനിയുണ്ട്.കുട്ടിയെ ചികിത്സിച്ച ദിവസം തന്നെ ഒരു ആരോഗ്യപ്രവർത്തകന് പനിയുണ്ടായതായി പറയുന്നു.ഹൈ റിസ്ക് കോണ്ടാക്ടിലുൾപ്പെട്ട 7 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി പൂനെയിലേക്ക് അയച്ചിട്ടുണ്ട്.
ആരോഗ്യപ്രവർത്തകർക്ക് നിപ ബാധക്കിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി പരിശീലനം നൽകും.ചാത്തമംഗലത്ത് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Story highlight : Possibility to increase contact list of Nipah says health minister Veena George