കേരള മോഡലിനെ വിമർശിച്ചവർക്കെതിരെ രൂക്ഷമറുപടിയുമായി മുഖ്യമന്ത്രി.

Anjana

കേരള മോഡലിനെ വിമർശിച്ചവർക്കെതിരെ രൂക്ഷമറുപടി
കേരള മോഡലിനെ വിമർശിച്ചവർക്കെതിരെ രൂക്ഷമറുപടി

കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിൽ വീഴ്ച്ച വന്നെന്ന്  വിമർശിച്ചവർക്കെതിരെ മറുപടിയുമായി മുഖ്യമന്ത്രിയുടെ ലേഖനം. കേരളം സ്വീകരിച്ച മാതൃക തെറ്റെങ്കിൽ മറ്റേത് മാതൃക സ്വീകരിക്കണമെന്ന് പറയാൻ വിമർശിച്ചവർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കൊവിഡ് പ്രതിസന്ധിയിലും ഒരാളും വിശന്നു ഉറങ്ങേണ്ടതായി വന്നില്ലെന്നും ഒരു മൃതദേഹവും നദിയിൽ ഒഴുകേണ്ടതായി വന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് വ്യാപനവും വിമർശനവും ഉണ്ടായിട്ടും ഭരണപ്രതിസന്ധി കേരളത്തിന് നേരിടേണ്ടി വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ രണ്ടാം തരംഗം അപ്രതീക്ഷിതമായിരുന്നെന്നും മൂന്നാം തരംഗത്തെ നേരിടാൻ കേരളം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. രോഗികളുടെ എണ്ണം വർദ്ധിച്ചിട്ടും ഒരാൾക്കുപോലും ചികിത്സ ലഭ്യമാക്കാതിരുന്നില്ലെന്നും അടിയന്തര സാഹചര്യങ്ങളിൽ ആശുപത്രികളിൽ കിടക്കകൾ ലഭിക്കാത്ത സ്ഥിതി ഉണ്ടായില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഒരു തുള്ളി വാക്സിൻ പോലും പാഴാക്കാതെ വയലിൽ ശേഷിച്ച ഡോസ് വാക്സിൻ കൂടി ഉപയോഗിച്ച് കേരളത്തിലെ ജനങ്ങളെ  വാക്സിനേറ്റ് ചെയ്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മറ്റുള്ള സംസ്ഥാനങ്ങളിൽ ഓക്സിജൻ ലഭ്യമാകാതെ സ്ഥിതി രൂക്ഷമായപ്പോൾ പോലും കേരളത്തിൽ ഒരാളും ഓക്സിജൻ കിട്ടാതെ മരിച്ചിട്ടില്ല. കേരളത്തിലെ മരണനിരക്ക് 0.5 ശതമാനത്തിലും താഴെയാണ്.

കേരളത്തിൽ ലഭ്യമായതിൽ അധികവും സൗകര്യങ്ങൾ ഉപയോഗിച്ച് പ്രവർത്തിച്ചതാണ് വീഴ്ച എങ്കിൽ, ആ വീഴ്ചയിൽ അഭിമാനിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തിൽ എണ്ണിയെണ്ണി സർക്കാരിന്റെ നേട്ടങ്ങൾ പറയുകയും പ്രതിപക്ഷത്തിനെതിരെ തക്കതായി വിമർശിക്കാനും മുഖ്യമന്ത്രി മറന്നില്ല.

പ്രതിസന്ധിഘട്ടത്തിൽ ഭക്ഷ്യകിറ്റ് വിതരണത്തിനെതിരെ കോടതിയിൽ പോയതാരാണെന്നും എസ്എസ്എൽസി പരീക്ഷ നടത്തിയതിന് സർക്കാരിനെതിരെ കൂവി വിളിച്ചത് ആരാണെന്നും ജനങ്ങൾക്ക് അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

അനാവശ്യമായ വിമർശനങ്ങൾക്ക് ചെവി കൊടുത്താൽ ഉത്തരവാദിത്വങ്ങളിൽ വീഴ്ച സംഭവിക്കുമെന്നതിനാൽ അതിനു മുതിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ വാക്സിൻ തദ്ദേശീയമായി വികസിപ്പിക്കാൻ കേരളം നടപടികൾ തുടങ്ങി കഴിഞ്ഞെന്നും മുഖ്യമന്ത്രി അറിയിച്ചു.

Story Highlights: Kerala CM Pinarayi Vijayan about Opposition’s Criticism.