ന്യൂഡല്ഹി: രാജ്യത്തെ പ്രമുഖനായ എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) ഉദ്യോഗസ്ഥന് ബിജെപിയിൽ ചേരാനൊരുങ്ങുന്നു. മുതിർന്ന ഇഡി ഉദ്യോഗസ്ഥനായ രാജേശ്വർ സിംഗാണ് വിരമിച്ച ശേഷം ബിജെപിയിൽ ചേരാൻ ഒരുങ്ങുന്നത്.
യുപിഎ സര്ക്കാരിനെ വെട്ടിലാക്കിയ നിരവധി കേസുകള് അന്വേഷിച്ച ഇഡി ഉദ്യോഗസ്ഥനാണ് രാജേശ്വര് സിങ്. ഇഡിയെ നരേന്ദ്ര മോദി സര്ക്കാര് രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന ആരോപണം നിലനില്ക്കവെയാണ് ഇഡി ഉദ്യോഗസ്ഥന് ബിജെപിയില് ചേരുന്നത്.
ഐഎൻഎക്സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിനെതിരെ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനാണ് രാജേശ്വർ സിംഗ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ജോയന്റ് ഡയറക്ടർ സ്ഥാനത്ത് നിന്നുള്ള സ്വയം വിരമിക്കലിന് അദ്ദേഹം ഇന്നലെ അപേക്ഷ നൽകി.
ബിജെപിയിൽ ചേര്ന്ന് രാഷ്ട്രീയ പ്രവര്ത്തനത്തിന്റെ ഭാഗമാവുകയാണ് രാജേശ്വർ സിംഗിന്റെ ലക്ഷ്യമെന്നാണ് സൂചന. വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ രാജേശ്വർ സിംഗ് മത്സരിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
പി ചിദംബരത്തെ വെട്ടിലാക്കിയ എയര്സെല് മാസ്കിസ് കേസ്, യുപിഎ സര്ക്കാരിനെ കുരുക്കിയ 2ജി സ്പെക്ട്രം അഴിമതി, കല്ക്കരി കുംഭകോണം, കോമണ്വെല്ത്ത് അഴിമതി, അഗസ്റ്റവെസ്റ്റ്ലാന്റ് ഹെലികോപ്റ്റര് അഴിമതി എന്നിവ അന്വേഷിച്ച സംഘത്തില് രാജേശ്വര് സിംഗുമുണ്ടായിരുന്നു.
സ്വതന്ത്ര അന്വേഷണ ഏജൻസികൾ ബിജെപിയുടെ സ്വന്തം ഏജൻസികളായി മാറുന്നു എന്നതിനുള്ള തെളിവാണിതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കഴിഞ്ഞ ഏഴ് വര്ഷത്തിനുള്ളിൽ കേന്ദ്ര- സംസ്ഥാന സര്വ്വീസിലെ നിരവധി ഉദ്യോഗസ്ഥരാണ് ബിജെപിയിൽ ചേര്ന്നത്.
ഉദ്യോഗസ്ഥരുടെയും ഭരണഘടന പദവിയിൽ ഇരിക്കുന്നവരുടെയും രാഷ്ട്രീയ പ്രവേശനത്തിന് നിയമതടസ്സമില്ലെങ്കിലും, പ്രധാന അന്വേഷണങ്ങളുടെ ഭാഗമായ ഉദ്യോഗസ്ഥരടക്കം ഭരണകക്ഷിയിലെ രാഷ്ട്രീയ നേതാക്കളായി മാറുന്നതിന്റെ ധാര്മ്മിക പ്രശ്നമാണ് പ്രതിപക്ഷം ആയുധമാക്കുന്നത്.
രാജേശ്വറിന്റെ സഹോദരിയും അഭിഭാഷകയുമായ അഭ സിങ് ആണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ നീക്കങ്ങള് പരസ്യമാക്കിയത്. സര്വീസില് നിന്ന് വിരമിച്ച് രാജ്യസേവനത്തിന് ഇറങ്ങുന്ന സഹോദരന് ആശംസകള് എന്നാണ് അഭയുടെ ട്വീറ്റ്.
Story Highlight : top ED officer Rajeshwar Singh who probe case against p chidambaram likely to join BJP.