◾രാജസ്ഥാനിലെ ബാർമർ, ജയ്സാൽമീർ മേഖലകളിൽ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയെത്തുന്നു. സംഘർഷാവസ്ഥ പൂർണ്ണമായി ഒഴിഞ്ഞതോടെ ഇന്ത്യ-പാക് അതിർത്തികൾ ശാന്തമായിരിക്കുകയാണ്. ജമ്മു കശ്മീരിലെ അതിർത്തി മേഖലകളൊഴിച്ചുള്ള സ്കൂളുകളും കോളേജുകളും ഇന്ന് തുറന്നു പ്രവർത്തിക്കും.
ഇന്ന് മുതൽ ബാർമറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതാണ്. സുരക്ഷയുടെ ഭാഗമായി എയർ ഇന്ത്യയും ഇൻഡിഗോയും വിവിധ സ്ഥലങ്ങളിലേക്കുള്ള ഇന്നത്തെ വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിൽ നിന്ന് ഒഴിഞ്ഞുപോയ ആളുകൾ തിരികെ എത്തിതുടങ്ങി.
ജമ്മു, സാംബ, അഖ്നൂർ, കത്വ എന്നിവിടങ്ങളിൽ ഡ്രോണുകളെ കണ്ടെന്നുള്ള റിപ്പോർട്ടുകൾക്ക് ശേഷം പിന്നീട് ഡ്രോണുകൾ കണ്ടിട്ടില്ലെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. വെടിനിർത്തൽ ഇപ്പോഴും നിലനിൽക്കുന്നുവെന്നും സൈന്യം വ്യക്തമാക്കി. അതേസമയം, പഞ്ചാബിലെ അമൃത്സർ ഉൾപ്പെടെയുള്ള മേഖലകളിൽ ജാഗ്രതയും നിയന്ത്രണങ്ങളും തുടരുകയാണ്.
എയർ ഇന്ത്യ ജമ്മു, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഇൻഡിഗോ ജമ്മു, അമൃത്സർ, ചണ്ഡീഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സർവീസുകൾ റദ്ദാക്കിയതെന്ന് ഇൻഡിഗോ അറിയിച്ചു.
സ്ഥിതിഗതികൾ സജീവമായി നിരീക്ഷിച്ചു വരികയാണെന്നും യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് വെബ്സൈറ്റിലോ ആപ്പിലോ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഇൻഡിഗോ വിമാനകമ്പനി നിർദ്ദേശിച്ചു. മേഖലയിൽ ബ്ലാക്ക് ഔട്ട് നിലനിൽക്കുന്നുണ്ട്.
സ്ഥിതിഗതികൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് എയർ ഇന്ത്യ അറിയിച്ചു.
Story Highlights: രാജസ്ഥാനിലെ ബാർമറിൽ ഇന്ന് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കും.