മലയാളികൾക്ക് ഇന്ന് പുതുവർഷപ്പിറവി. ഇന്ന് ചിങ്ങം ഒന്ന്. പഞ്ഞ കർക്കടകത്തിന്റെ അവസാനത്തോടെ ചിങ്ങപ്പുലരി പിറക്കുമ്പോൾ ഓരോ മലയാളിയ്ക്കും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് പിറവികൊള്ളുന്നത്.
കോവിഡ് പ്രതിസന്ധിക്കിടയിലും ഓരോ മലയാളിയും പൊന്നിൻ ചിങ്ങത്തെ വരവേൽക്കാനൊരുങ്ങുകയാണ്. ഓരോ മലയാളികളുടെയും മനസിൽ കാർഷിക സംസ്കാരത്തിന്റെയും ഓണക്കാലത്തിന്റേയും സ്മരണകളാണ് ചിങ്ങമാസം ഉണർത്തുന്നത്.
കൊല്ലവർഷത്തിലെ ആദ്യ മാസമായ ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും പറയുന്നു. മാത്രമല്ല ചിങ്ങം ഒന്ന് കേരളീയർക്ക് കർഷക ദിനം കൂടിയാണ്. എന്നാലിന്ന് മലയാളികൾക്ക് പൊന്നിൻ ചിങ്ങം ഒരു പഴങ്കഥയായി മാറുകയാണ്.
ചിങ്ങപ്പുലരിയെ കഴിഞ്ഞ രണ്ട് വർഷവും പ്രളയം കവർന്നെടുത്തിരുന്നു. വറുതിയൊഴിഞ്ഞ് മുളപൊട്ടുന്ന നാമ്പുകൾക്കുമേൽ ഇപ്രാവശ്യം കൊറോണ മഹാമാരിയുടെ ആശങ്കയുണ്ടെങ്കിലും ചിങ്ങം 1 ഓരോ കർഷകന്റെയും പ്രതീക്ഷയുടെ ദിനമാണ്.
Story highlight: Today is Chingam 1.