പുലിപ്പല്ല് കേസിൽ റാപ്പർ വേടന്റെ സുഹൃത്തുക്കളുടെ മൊഴികൾ രേഖപ്പെടുത്താൻ വനം വകുപ്പ് തീരുമാനിച്ചു. വേടന് പുലിപ്പല്ല് കൈമാറിയ രഞ്ജിത്ത് കുമ്പിടിയെ കുറിച്ചും അന്വേഷണം നടത്തും. വിദേശത്താണെന്നു സംശയിക്കുന്ന രഞ്ജിത്തുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വേടന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വെള്ളിയാഴ്ചയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതിനാൽ രണ്ട് ദിവസത്തേക്ക് വേടൻ ജയിലിൽ കഴിയേണ്ടി വരും. വേടന് കഞ്ചാവ് കൈമാറിയ സംഘത്തെയും ഉടൻ പിടികൂടാനാകുമെന്നാണ് പോലീസ് പറയുന്നത്.
കോടനാട് മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് കോടനാട് മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ ഓഫീസിലേക്ക് കൊണ്ടുപോകുന്നതിനിടെ രഞ്ജിത്ത് കുമ്പിടിയെ അറിയില്ലെന്ന് വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പുലിപ്പല്ല് വെള്ളിയിൽ കെട്ടി ലോക്കറ്റ് ആക്കി നൽകിയ വിയ്യൂരിലെ ജ്വല്ലറിയിൽ വേടനെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
യഥാർത്ഥ പുലിപ്പല്ല് ആണെന്ന് കരുതിയായിരുന്നില്ല താൻ മാല നിർമ്മിച്ചു നൽകിയതെന്ന് ജ്വല്ലറി ഉടമ സന്തോഷ് കുമാർ പ്രതികരിച്ചു. വേടനുമായി മുൻപരിചയമില്ലെന്നും അദ്ദേഹം മൊഴി നൽകി. കേസിൽ ഇയാളെ സാക്ഷിയാക്കാനുള്ള നടപടികളിലേക്ക് നീങ്ങുകയാണ് വനം വകുപ്പ്.
Story Highlights: The Forest Department will record the statements of Rapper Vedan’s friends in the tiger tooth case and investigate Ranjith Kumbidi, who allegedly gave Vedan the tiger tooth.