വേടന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതോടെ വനം വകുപ്പ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. പുലിപല്ല് ലോക്കറ്റാക്കി മാറ്റിയ സ്വർണപ്പണിക്കാരന്റെ മൊഴിയെടുക്കുന്നതിനായി വിയൂരിലേക്ക് വേടനെ കൊണ്ടുപോകും. വന്യജീവി സംരക്ഷണ നിയമപ്രകാരം വേടനെതിരെ മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
വേടന് പുലിപ്പല്ല് നൽകിയ രഞ്ജിത്തിനെ കണ്ടെത്താനുള്ള ശ്രമങ്ങളും വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്. വേടന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. വേടന് പുലിപ്പല്ല് നൽകിയ രഞ്ജിത്ത് കുമ്പിടിയെ അറിയില്ലെന്ന് വേടൻ വ്യക്തമാക്കിയിട്ടുണ്ട്.
രണ്ട് ദിവസത്തെ കസ്റ്റഡിയിൽ കൊച്ചിയിലെ ഫ്ലാറ്റിൽ തെളിവെടുപ്പ് നടത്തിയിരുന്നു. തമിഴ്നാട്ടിൽ നടന്ന ഒരു സംഗീത പരിപാടിയിൽ വെച്ച് ആരാധകനായ രഞ്ജിത്ത് പുലിപ്പല്ല് സമ്മാനമായി നൽകിയതാണെന്നാണ് വേടന്റെ മൊഴി. പിന്നീട് തൃശ്ശൂരിലെ സ്വർണപ്പണിക്കാരന് നൽകി ലോക്കറ്റാക്കി മാറ്റുകയായിരുന്നു.
വേടന്റെ ജാമ്യാപേക്ഷ മെയ് രണ്ടിന് പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പരിഗണിക്കും. ജാമ്യം ലഭിക്കുന്നത് വരെ വേടന് ജയിലിൽ കഴിയേണ്ടി വരും. വേടന് കഞ്ചാവ് കൈമാറിയ സംഘത്തെയും ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
Story Highlights: Rapper Vedan’s custody ends today in a case registered by the Forest Department for possessing a tiger tooth.