കെ.എം. എബ്രഹാമിനെതിരെ സി.ബി.ഐ. അനധികൃത സ്വത്ത് സമ്പാദന കേസ് രജിസ്റ്റർ ചെയ്തു. മുൻ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന കെ.എം. എബ്രഹാമിനെതിരെയാണ് സി.ബി.ഐ. കൊച്ചി യൂണിറ്റ് കേസെടുത്തിരിക്കുന്നത്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം അഴിമതി നിരോധന നിയമപ്രകാരമാണ് കേസ്.
2015-ലാണ് കേസിന് ആധാരമായ സംഭവം നടന്നത്. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന കാലത്ത് കെ.എം. എബ്രഹാം അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് പരാതി. പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കലാണ് ഈ ആരോപണവുമായി പരാതി നൽകിയത്. മുംബൈയിലും തിരുവനന്തപുരത്തും ആഡംബര ഫ്ലാറ്റുകളും കൊല്ലത്ത് ഷോപ്പിംഗ് മാളുമുണ്ടെന്നും ഇവയുടെ സ്രോതസ്സ് വ്യക്തമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
കെ.എം. എബ്രഹാം ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകിയിരുന്നു. സർക്കാർ പിന്തുണയോടെയാണ് അപ്പീൽ നൽകിയതെന്നാണ് വിവരം. ഹർജിക്കാരനായ ജോമോൻ പുത്തൻപുരയ്ക്കലിനും മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനും തന്നോടുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നായിരുന്നു കെ.എം. എബ്രഹാമിന്റെ പ്രതികരണം.
Story Highlights: CBI registers disproportionate assets case against former Kerala Chief Secretary KM Abraham.