കാബൂൾ വിമാനത്താവളത്തിന് പുറത്തായി നടന്ന ചാവേർ സ്ഫോടനത്തിൽ 60 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. 13 അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
വിമാനത്താവളത്തിന്റെ ഗേറ്റിന് സമീപമാണ് ആദ്യ ചാവേർ സ്ഫോടനം നടന്നത്. പതിനായിരത്തോളം പേരാണ് കാബൂൾ വിമാനത്താവളത്തിന് പരിസരത്തായി കൂടി ചേർന്നത്. രണ്ടാം സ്ഫോടനം നടന്നത് വിമാനത്താവളത്തിന് പുറത്ത് ഹോട്ടലിനു സമീപം ആണെന്നാണ് സൂചന.
വിമാനത്താവളത്തിന് സമീപത്ത് ആരും കൂടി ചേരരുതെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഐഎസിന്റെ തീവ്രവാദ ഭീഷണി നിലനിൽക്കുന്നതായി അറിയിച്ചതിന് ഒരു മണിക്കൂർ ശേഷമാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ മൂന്ന് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു.
സംഭവത്തിൽ താലിബാൻ അപലപിച്ചു. സ്ഫോടനം നടന്ന വിമാനത്താവളം അമേരിക്കൻ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നെന്ന് താലിബാൻ കുറ്റപ്പെടുത്തി.
സ്ഫോടനത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും സംഭവസ്ഥലത്തേക്ക് പൗരന്മാർ എത്തിച്ചേരരുതെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി.
Story Highlights: 60 people killed in the blasts at kabul airport.