ഇടുക്കി അടിമാലിയിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ 2.050 കിലോഗ്രാം കഞ്ചാവുമായി 19-കാരനായ യുവാവ് പിടിയിലായി. രാജാക്കാട് സ്വദേശിയായ അഭിനന്ദ് എന്നയാളാണ് അറസ്റ്റിലായത്. അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ മനൂപ് വി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്.
പെരുമ്പാവൂരിൽ നിന്ന് കഞ്ചാവ് എത്തിച്ച് രാജാക്കാട് പ്രദേശത്ത് ചില്ലറ വിൽപ്പന നടത്തുകയായിരുന്നു യുവാവിന്റെ ലക്ഷ്യമെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. എക്സൈസ് എൻഡിപിഎസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇരുമ്പ് പാലത്തിന് സമീപം വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഞ്ചാവ് കടത്തിക്കൊണ്ടുവരാൻ ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. കുറച്ചുനാളുകളായി പ്രതി നാർക്കോട്ടിക് സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും അധികൃതർ അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ അഷ്റഫ് കെ.എം, ദിലീപ് എൻ.കെ, പ്രൈവന്റീവ് ഓഫീസർ ബിജു മാത്യു, സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുൽ ലത്തീഫ്, മുഹമ്മദ് ഷാൻ, ബിബിൻ ജെയിംസ്, സുബിൻ പി വർഗ്ഗീസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ നിധിൻ ജോണി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Story Highlights: 19-year-old arrested with 2 kg of cannabis in Adimaly, Idukki.