കോഴിക്കോട്◾ നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ വിദേശ ബന്ധങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് യുവ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗണേഷ്. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ആവശ്യം. ‘ആടു ജീവിതം’ സിനിമയുടെ ചിത്രീകരണത്തിന് ശേഷം അദ്ദേഹത്തിന്റെ സിനിമകളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന ആശയങ്ങൾ തികച്ചും ദേശ വിരുദ്ധമാണ്. ‘കുരുതി’യും ‘ജനഗണമന’യും ‘എമ്പുരാ’നും വരെ എത്തി നിൽക്കുന്ന തീവ്രവാദ ആശയങ്ങളെ വെള്ള പൂശുന്ന കഥാ തന്തുവാണ് ഇദ്ദേഹത്തിന്റെ സിനിമകളിൽ ഉപയോഗിച്ചിരിക്കുന്നത്.
‘ആടു ജീവിതത്തി’ന്റെ ഷൂട്ടിങ്ങിനിടെ ജോർദാനിൽ കുടുങ്ങിയ ഇദ്ദേഹം അവിടെ ആരൊക്കെയായിട്ടാണ് സമ്പർക്കം പുലർത്തിയിരുന്നത് എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു. കോവിഡ് കാലത്തെ ഈ അറേബ്യൻ ജീവിതത്തിനിടയിൽ ഐഎസ് ഉൾപ്പെടെയുള്ള ഭീകരവാദികളുടെ ആശയങ്ങളിൽ പ്രേരിപ്പിക്കപ്പെട്ടിട്ടാണോ പൃഥ്വിരാജ് ഇത്തരം ദേശ വിരുദ്ധ ആശയങ്ങൾ തന്റെ സിനിമകളിലൂടെ പ്രചരിപ്പിക്കുന്നത് എന്ന് ന്യായമായും സംശയിക്കണം. ദേശീയ അന്വേഷണ ഏജൻസികൾ തന്നെ ഇക്കാര്യങ്ങൾ അന്വേഷിക്കണം. ബഹിഷ്ക്കരിക്കാനല്ല മറിച്ച് ‘എമ്പുരാൻ’ ഒളിച്ചു കടത്തുന്നത് ദേശ വിരുദ്ധത തന്നെ ആണെന്ന് അടിവരയിട്ടു പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Yuva Morcha demands investigation into Prithviraj’s foreign connections and alleged anti-national themes in his films.