യുവതിയായ സന്ധ്യയ്ക്കും മക്കൾക്കും ആശ്വാസമായി വ്യവസായി യൂസഫലി രംഗത്തെത്തി. ഏഴര ലക്ഷം രൂപയുടെ കടത്തിന്റെ പേരിൽ വീട് ജപ്തി ചെയ്യപ്പെട്ട് പെരുവഴിയിലായ സന്ധ്യയ്ക്ക് കൈത്താങ്ങേകാൻ ലുലു ഗ്രൂപ്പ് മുന്നോട്ടുവന്നു. മണപ്പുറം ഹോം ഫിനാൻസ് ലിമിറ്റഡിൽ സന്ധ്യയ്ക്കുള്ള കടം മുഴുവൻ ഏറ്റെടുത്ത് ഉടൻ തന്നെ അടച്ചുതീർക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. ഇനി സ്വന്തം വീട്ടിൽ സമാധാനമായി സന്ധ്യയ്ക്ക് ഉറങ്ങാനാകുമെന്നും അവർ വ്യക്തമാക്കി.
ജപ്തി ചെയ്യപ്പെട്ട വീടിന് മുന്നിൽ മക്കളുമൊന്നിച്ച് തളർന്നിരിക്കുന്ന സന്ധ്യയുടെ ദുരവസ്ഥ ട്വന്റിഫോറാണ് വാർത്തയാക്കിയിരുന്നത്. യൂസഫലി സഹായിച്ചില്ലായിരുന്നെങ്കിൽ താനും മക്കളും ഇന്ന് മരിക്കേണ്ടതായിരുന്നെന്ന് സന്ധ്യ പറഞ്ഞു. മൂന്ന് വർഷമായി തിരിച്ചടവ് മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് പണമിടപാട് സ്ഥാപനം സന്ധ്യയുടെ വീട് ജപ്തി ചെയ്തത്. എന്നാൽ നാല് തവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഏറ്റവും അവസാനമാണ് ജപ്തി നടപടി സ്വീകരിച്ചതെന്നും മണപ്പുറം ഹോം ഫിനാൻസ് ലിമിറ്റഡ് അധികൃതർ വ്യക്തമാക്കി.
വീട് പണയം വച്ച് നാല് ലക്ഷം രൂപയാണ് സന്ധ്യ വായ്പ എടുത്തതെങ്കിലും തിരിച്ചടവ് മുടങ്ങിയതോടെ ഇത് പലിശ ഉൾപ്പെടെ ഏഴര ലക്ഷം രൂപയായി. ഭർത്താവ് വരുത്തിവച്ച കടമാണെന്നും ഭർത്താവ് രണ്ട് മക്കളേയും തന്നെയും തനിച്ചാക്കി ഉപേക്ഷിച്ചുപോയെന്നും സന്ധ്യ പറയുന്നു. നിലവിൽ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിൽ സെയിൽസ് ഗേളായി ജോലി ചെയ്യുന്ന സന്ധ്യയുടെ വരുമാനം വീട്ടുചെലവുകൾക്കല്ലാതെ വായ്പ അടക്കാൻ തികയുന്നില്ലെന്നായിരുന്നു അവർ പറഞ്ഞിരുന്നത്.
Story Highlights: Yusuff Ali offers to pay off Sandhya’s home loan, saving her family from eviction