മുഹമ്മദ് ഷഹീൻ ഷായെ, ജയിലിൽ വെച്ച് മർദ്ദിക്കാൻ ശ്രമിച്ചെന്നും, മുടിയും താടിയും ബലമായി മുറിച്ചെന്നും കുടുംബം ആരോപിച്ചു. കേരളവർമ്മ കോളേജിലെ വിദ്യാർത്ഥികളെ വാഹനം പിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിലാണ് ഷഹീൻ. ജയിലിലെത്തിച്ച ആദ്യദിവസം മുതൽ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നെന്നും കുടുംബം പറയുന്നു.
മൂന്നുതവണ മർദ്ദിക്കാൻ ശ്രമം നടന്നെങ്കിലും ജയിലിലെ മറ്റ് പ്രതികൾ സ്വമേധയാ പിന്മാറിയെന്നും കുടുംബം വെളിപ്പെടുത്തി. ജയിൽ ജീവനക്കാർ ബലം പ്രയോഗിച്ചാണ് മുടി മുറിച്ചുമാറ്റിയത്. ഒരാൾ കഴുത്തിനു കുത്തിപ്പിടിച്ചും രണ്ടുപേർ ശരീരത്തിൽ ബലമായും പിടിച്ചാണ് മുടിയും താടിയും മുറിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.
സിനിമയിൽ അഭിനയിക്കാനും കല്യാണം കഴിക്കാനുമുള്ളതിനാൽ പ്രത്യേക അപേക്ഷ സമർപ്പിക്കാൻ അവസരം നൽകണമെന്ന് ഷഹീൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജയിൽ അധികൃതർ ഇത് അനുവദിച്ചില്ല. മണവാളനെ ജയിലിൽ എത്തിച്ച ആദ്യ ദിവസം തന്നെ മുടി മുറിക്കാൻ പുറത്തുനിന്ന് ആളെ കൊണ്ടുവന്നെങ്കിലും അയാൾ പിൻവാങ്ങി.
പിറ്റേദിവസം സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരം എത്തിയാണ് മുടിയും താടിയും മുറിച്ചുമാറ്റിയത്. മുടി ട്രിമ്മു ചെയ്യുന്നതിനിടയിൽ ഡ്രിമ്മർ തെറ്റിക്കയറിയതാണ് രൂപമാറ്റത്തിന് കാരണമെന്ന ജയിൽ ഉദ്യോഗസ്ഥരുടെ വിശദീകരണം വിചിത്രമാണെന്ന് കുടുംബം പറഞ്ഞു.
ഭ്രാന്തനായി ചിത്രീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും കുടുംബം അറിയിച്ചു. മകനെ കണ്ടാൽ പോലും തിരിച്ചറിയാത്ത വിധം രൂപമാറ്റം വരുത്തിയെന്നും കുടുംബം ആരോപിച്ചു.
Story Highlights: Family of YouTuber ‘Manavalan’ accuses jail authorities of mistreatment and forced haircut.