ഹരിയാനയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിന്റെ കൊലപാതക കേസിൽ ബഹദൂർഗഢ് സ്വദേശി സച്ചിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹിമാനി തന്നിൽ നിന്ന് പണം തട്ടിയെടുത്തുവെന്നും ഇരുവരും തമ്മിൽ പ്രണയബന്ധത്തിൽ ആയിരുന്നുവെന്നുമാണ് പ്രതിയുടെ മൊഴി. കൊലപാതകത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.
ഹിമാനി തന്നെ ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി പ്രതി പോലീസിനോട് പറഞ്ഞു. മൃതദേഹം കണ്ടെത്തിയ സ്യൂട്ട്കേസ് ഹിമാനിയുടേതാണെന്നും അവരുടെ വസതിയിൽ വച്ചാണ് കൊലപാതകം നടന്നതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. റോഹ്ത്തക്ക് ജില്ലയിലെ ബസ്റ്റാന്റിന് സമീപം സ്യൂട്ട്കേസിൽ കഴുത്തു മുറുക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
കൊലപാതകത്തിൽ പാർട്ടി പ്രവർത്തകർക്കും പങ്കുണ്ടെന്നും പാർട്ടിക്കുള്ളിൽ തന്നെ മകൾക്ക് ശത്രുക്കൾ ഉണ്ടായിരുന്നെന്നും ഹിമാനിയുടെ മാതാവ് ആരോപിച്ചു. എന്നാൽ, പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് മറച്ചുവെക്കുന്നുവെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും ഹിമാനിയുടെ സഹോദരൻ ജതിൻ ആവശ്യപ്പെട്ടു. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Story Highlights: Youth Congress worker Himani Narwal found murdered in Haryana, one arrested.