തിരുവമ്പാടി കെഎസ്ഇബി ഓഫീസിൽ അതിക്രമം കാട്ടിയ യൂത്ത് കോൺഗ്രസ് നേതാക്കളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. ഓഫീസിൽ അതിക്രമിച്ച് കയറിയവരുടെ മുഴുവൻ വൈദ്യുതി ബന്ധവും വിച്ഛേദിക്കാൻ കെഎസ്ഇബി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ ഐഎഎസ് ഉത്തരവിട്ടു. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കിയ വ്യക്തികളുടെ വൈദ്യുതി കണക്ഷനാണ് വിച്ഛേദിച്ചത്.
ശനിയാഴ്ച രാവിലെ സൺറൈസ് മീറ്റിംഗ് സമയത്ത് സെക്ഷൻ ഓഫീസിൽ കടന്നുകയറിയ അക്രമികൾ അസിസ്റ്റൻ്റ് എഞ്ചിനീയറുടെ ശരീരത്തിൽ മലിന ജലം ഒഴിക്കുകയും സ്ത്രീകളുൾപ്പെടെയുള്ള ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തു. കമ്പ്യൂട്ടറുകൾ ഉൾപ്പെടെയുള്ള ഓഫീസ് ഉപകരണങ്ങൾ തകർത്ത് വലിയ തോതിൽ നാശനഷ്ടമുണ്ടാക്കി. കയ്യേറ്റത്തിൽ പരുക്കേറ്റ അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെയുള്ളവർ ചികിത്സയിലാണ്.
മർദ്ദനമേറ്റ അസിസ്റ്റന്റ് എഞ്ചിനീയറും നാല് ജീവനക്കാരും ഇപ്പോൾ മുക്കം ഗവ. ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. അക്രമികൾക്കെതിരെ തിരുവമ്പാടി പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ഈ സംഭവം കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.