യൂത്ത് കോൺഗ്രസ് ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ച മുൻ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രദേശത്ത് രാഷ്ട്രീയ സംഘർഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫ്ലക്സ് ബോർഡുകൾ തകർത്തതെന്ന് പൊലീസ് കണ്ടെത്തി. ബോർഡുകൾ നശിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ നാലാം തീയതി രാത്രിയാണ് സംഭവം നടന്നത്. യൂത്ത് കോൺഗ്രസ് ഒല്ലൂക്കര മണ്ഡലം കമ്മിറ്റിയുടെ പുതിയ പ്രസിഡന്റിനെ അഭിനന്ദിച്ച് സ്ഥാപിച്ച ബോർഡുകളാണ് നശിപ്പിക്കപ്പെട്ടത്. തുടർന്ന്, പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്-കോൺഗ്രസ് നേതാക്കൾ മണ്ണുത്തി പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബോർഡുകൾ നശിപ്പിച്ചതിന് പിന്നിൽ യൂത്ത് കോൺഗ്രസ് നേതാവും പ്രവർത്തകരുമാണെന്ന് വ്യക്തമായത്.
വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ബോർഡുകൾ നശിപ്പിക്കുകയും പിന്നീട് എതിർ പാർട്ടിയിൽപ്പെട്ടവരുടെ തലയിൽ കെട്ടിവയ്ക്കാനുമായിരുന്നു ശ്രമമെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നു. മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജിജോ മോൻ ജോസഫ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സജോ സണ്ണി, റിയാസ് ബാബു, കണ്ടാലറിയാവുന്ന ഒരാൾ എന്നിങ്ങനെ നാലുപേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Story Highlights: Former Youth Congress leaders charged for destroying flex boards, aiming to create political tension