ലോക സന്തോഷ റിപ്പോർട്ട് 2025 പുറത്തിറങ്ങി. തുടർച്ചയായ എട്ടാം വർഷവും ഫിൻലാൻഡ് ലോകത്തിലെ ഏറ്റവും സന്തുഷ്ട രാജ്യമായി തുടരുന്നു. ഈ പട്ടികയിൽ നോർഡിക് രാജ്യങ്ങളാണ് മുന്നിൽ. ഡെന്മാർക്ക്, ഐസ്ലാൻഡ്, സ്വീഡൻ എന്നിവയാണ് ആദ്യ നാലിൽ ഇടംപിടിച്ച മറ്റ് രാജ്യങ്ങൾ. ഓക്സ്ഫോർഡ് സർവകലാശാലയ്ക്ക് കീഴിലുള്ള വെൽബിയിംഗ് റിസർച്ച് സെന്ററാണ് പഠനം നടത്തിയത്.
ജനങ്ങളുടെ ജീവിത സംബന്ധമായ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളെ അടിസ്ഥാനമാക്കിയാണ് ഓരോ രാജ്യത്തിന്റെയും സന്തോഷ നിലവാരം വിലയിരുത്തുന്നത്. അനലിറ്റിക്സ് സ്ഥാപനമായ ഗാലപ്പ്, ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള സസ്റ്റൈനബിൾ ഡെവലപ്മെന്റ് സൊല്യൂഷൻസ് നെറ്റ്വർക്ക് എന്നിവയുടെ സഹകരണത്തോടെയാണ് പഠനം നടത്തിയത്.
റിപ്പോർട്ട് പ്രകാരം ഇന്ത്യ 118-ാം സ്ഥാനത്താണ്. 10 ൽ 4.389 ആണ് ഇന്ത്യയിലെ ജനങ്ങളുടെ സന്തോഷ സൂചിക. സമീപ വർഷങ്ങളിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന റാങ്ക് 94 ഉം ഏറ്റവും താഴ്ന്നത് 144 ഉം ആയിരുന്നു.
അതേസമയം, അമേരിക്കയിൽ സന്തോഷം കുത്തനെ കുറഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന സ്ഥാനമായ 24-ലേക്ക് അമേരിക്ക കൂപ്പുകുത്തി. 2012-ൽ 11 ആയിരുന്നു അമേരിക്കയുടെ ഏറ്റവും മികച്ച റാങ്കിംഗ്. റിപ്പോർട്ട് പ്രകാരം അമേരിക്കയിൽ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണത്തിൽ 53% വർദ്ധനവുണ്ടായി.
പട്ടികയിലെ ആദ്യ 20 സ്ഥാനങ്ങളിൽ യൂറോപ്യൻ രാജ്യങ്ങളാണ് ആധിപത്യം പുലർത്തുന്നത്. ഹമാസുമായി നിരന്തര യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ഇസ്രയേൽ പോലും എട്ടാം സ്ഥാനത്താണ്. കോസ്റ്റാറിക്കയും മെക്സിക്കോയും ആദ്യ പത്തിൽ ഇടം നേടി. ആറും പത്തും സ്ഥാനങ്ങളിലാണ് ഈ രാജ്യങ്ങൾ യഥാക്രമം.
ബ്രിട്ടന്റെ സ്ഥാനം 23 ലേക്ക് താഴ്ന്നു. ലോകത്തിലെ ഏറ്റവും അസന്തുഷ്ടരായ ജനങ്ങളുള്ള രാജ്യമായി അഫ്ഗാനിസ്ഥാൻ തുടരുന്നു. സിയറ ലിയോണും ലബനനുമാണ് അഫ്ഗാനിസ്ഥാന് തൊട്ടുമുന്നിൽ.
Story Highlights: Finland continues to be the happiest country in the world for the eighth consecutive year, according to the World Happiness Report 2025.