പതിനാറ് വർഷത്തോളം ഭർതൃവീട്ടുകാരുടെ ബന്ദിയായി കഴിഞ്ഞ യുവതിയെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഭോപ്പാലിലെ ജഹാംഗീര്ബാദ് സ്വദേശിയായ യുവാവുമായി 2006-ൽ വിവാഹിതയായ നര്സിംഗ്പൂര് സ്വദേശിനി റാണു സഹുവിനെയാണ് ക്രൂരപീഡനത്തിൽ നിന്നും രക്ഷിച്ചത്. യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് മോചിപ്പിച്ചത്.
2008-നു ശേഷം മകൾ തങ്ങളിൽ നിന്ന് അകന്ന് കഴിയുകയായിരുന്നുവെന്നും കുടുംബവുമായി ബന്ധം പുലർത്തിയില്ലെന്നും വീട്ടുകാർ പരാതിയിൽ പറഞ്ഞു. തങ്ങളെ കാണാൻ റാണുവിന്റെ ഭർത്താവിന്റെ കുടുംബം അനുവദിച്ചില്ലെന്നും യുവതിയുടെ പിതാവ് കിഷൻ ലാൽ സാഹു നൽകിയ പരാതിയിലുണ്ട്. റാണുവിന്റെ ഭർതൃവീടിനോട് ചേർന്നുള്ള അയൽവാസിയെ യുവതിയുടെ വീട്ടുകാർ ഈയടുത്ത് കാണുമ്പോഴാണ് യുവതി അനുഭവിക്കുന്ന ക്രൂരപീഡനത്തെക്കുറിച്ച് അറിയുന്നത്. മകളുടെ ആരോഗ്യം ദിനംപ്രതി ക്ഷയിക്കുന്നുവെന്നും ഇയാൾ പറഞ്ഞതായി പിതാവ് പരാതിയിൽ പറഞ്ഞു.
ജഹാംഗീർബാദ് പൊലീസാണ് പരാതിയിൽ നടപടി സ്വീകരിച്ചത്. ഒരു എൻജിഒയുടെ സഹായത്തോടെയാണ് പൊലീസ് സംഘം റാണുവിനെ രക്ഷപ്പെടുത്തിയത്. തീരെ ആരോഗ്യം ക്ഷയിച്ച നിലയിലായതിനാൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ മൊഴിയെടുത്തശേഷം ഭർതൃകുടുംബത്തിനെതിരെ കൂടുതൽ നടപടി സ്വീകരിക്കും.
Story Highlights: Woman rescued after 16 years of captivity by in-laws in Bhopal