കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതിക്കെതിരെ വാട്സ്ആപ്പ് ശബ്ദസന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി കുടുംബം രംഗത്ത്. 2022 ഓഗസ്റ്റ് എട്ടിന് വിവാഹിതയായ യുവതിയുടെ ഭർത്താവ് അബ്ദുൾ റസാഖ് വിദേശത്തായിരുന്നു. ഭർത്താവ് യുഎഇയിലേക്ക് പോയതിന് ശേഷം മാസങ്ങളോളം വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ഭർത്താവിനെ തിരക്കി യുഎഇയിലേക്ക് പോകാൻ യുവതി തയാറെടുപ്പുകൾ നടത്തിയിരുന്നു.
കല്ലൂരാവി സ്വദേശിനിയായ യുവതിയുടെ പിതാവിന്റെ ഫോണിലേക്കാണ് ഭർത്താവിന്റെ മുത്തലാഖ് സന്ദേശം എത്തിയത്. മൂന്നു കൊല്ലമായി സഹിക്കുന്നുവെന്നും നിങ്ങളുടെ മോളെ വേണ്ട എന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. പറഞ്ഞപോലെ കേട്ട് നിക്കണമെന്നും വേണ്ടാന്ന് പറഞ്ഞാൽ വേണ്ട, മൂന്ന് തലാഖ് ചൊല്ലി നിങ്ങളുടെ മോളെ വേണ്ട എന്നുമായിരുന്നു സന്ദേശത്തിലെ പ്രധാനഭാഗം.
വിവാഹസമയത്ത് 50 പവൻ സ്വർണം സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നെങ്കിലും 20 പവൻ മാത്രമാണ് നൽകാൻ കഴിഞ്ഞതെന്ന് യുവതി പറഞ്ഞു. സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ ഭർത്താവും കുടുംബവും നിരന്തരം പീഡിപ്പിച്ചിരുന്നതായും യുവതി ആരോപിച്ചു. രണ്ടരവർഷത്തോളം പല ദിവസങ്ങളിൽ ഭർതൃവീട്ടിൽ പട്ടിണി കിടക്കേണ്ടി വന്നതായും യുവതി വെളിപ്പെടുത്തി.
ഭർതൃവീട്ടുകാർ നിരന്തരം മർദിച്ചിരുന്നെന്നും സ്വർണം കുറഞ്ഞുപോയെന്ന് പറഞ്ഞായിരുന്നു പീഡനമെന്നും യുവതി പരാതിയിൽ പറഞ്ഞു. മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും യുവതി വ്യക്തമാക്കി. കഴിഞ്ഞമാസം 21നാണ് മുത്തലാഖ് ചൊല്ലിയതായി സന്ദേശം ലഭിച്ചത്.
ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ യുവതിയുടെ പിതാവ് പരാതി നൽകിയിട്ടുണ്ട്. നിയമപരമായി പോരാടാനാണ് കുടുംബത്തിന്റെ തീരുമാനം. 18 വയസിലാണ് യുവതിയുടെ വിവാഹം നടന്നത്. വിവാഹശേഷം തുടർച്ചയായി പീഡനങ്ങൾക്ക് ഇരയാക്കപ്പെട്ടെന്നും യുവതി പറഞ്ഞു.
Story Highlights: A woman from Kasaragod has filed a complaint alleging that her husband divorced her through a WhatsApp voice message.