ആലപ്പുഴ മാന്നാർ കൊലപാതകക്കേസിൽ മുഖ്യസാക്ഷിയായ സുരേഷ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നു. കലയെ കൊലപ്പെടുത്തിയതായി കലയുടെ ഭർത്താവ് അനിൽ കുമാർ സമ്മതിച്ചതായി സുരേഷ് പൊലീസിനോട് മൊഴി നൽകി. അനിൽ കുമാറിന്റെ നിർദ്ദേശപ്രകാരം വലിയ പെരുമ്പുഴ പാലത്തിലെത്തിയ സുരേഷ്, അവിടെ പാർക്ക് ചെയ്തിരുന്ന കാറിൽ കലയുടെ മൃതദേഹം കണ്ടതായും വ്യക്തമാക്കി.
അനിൽ കുമാറിന്റെ ഭീഷണി കാരണമാണ് ഇത്രയും നാൾ കൊലപാതക വിവരം പുറത്തുപറയാതിരുന്നതെന്നും സുരേഷ് വെളിപ്പെടുത്തി. കല മറ്റൊരാൾക്കൊപ്പം പോയതിനാലാണ് കൊലപ്പെടുത്തിയതെന്ന് അനിൽ പറഞ്ഞതായും സുരേഷ് മൊഴി നൽകി. എന്നാൽ, കൊലപാതകത്തിന് കൂട്ടുനിൽക്കാൻ തയ്യാറാകാതെ താൻ മടങ്ങിയതായും സുരേഷ് വ്യക്തമാക്കി.
അനിൽ കുമാറിന്റെ ബന്ധുവാണ് കേസിലെ മുഖ്യസാക്ഷിയായ സുരേഷ്. മൃതദേഹവുമായി അയ്ക്കര ജംഗ്ഷനിൽ അനിൽ കുമാർ എത്തിയതായി രണ്ടാം പ്രതി ജിനുവും സമ്മതിച്ചിട്ടുണ്ട്. ഇന്നലെയാണ് സെപ്റ്റിക് ടാങ്കിൽ നിന്ന് കലയുടെ മൃതദേഹാവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന തെളിവുകൾ പൊലീസ് കണ്ടെത്തിയത്.
15 വർഷങ്ങൾക്ക് മുമ്പ് കാണാതായ കലയുടെ കേസിൽ സത്യം പുറത്തുവന്നത് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസാ ജോണിന് ലഭിച്ച ഒരു അജ്ഞാത കത്തിലൂടെയാണ്. കത്തിൽ കലയുടെ കൊലപാതകത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് അമ്പലപ്പുഴ പൊലീസിനെ കേസ് അന്വേഷിക്കാൻ ഏൽപ്പിച്ചു.
അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.