കൂരങ്കല്ലിലെ കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചു. ആനയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. ഇതിനായി ഡിഎഫ്ഒ ചീഫ് വൈൽഡ്ലൈഫ് വാർഡന് അനുമതി തേടി കത്തയച്ചിട്ടുണ്ട്. കിണറ്റിന്റെ വശങ്ങൾ ഇടിച്ച് ആനയെ കരയ്ക്കെത്തിച്ചതിനു ശേഷം മയക്കുവെടി വച്ച് പിടികൂടാനാണ് വനംവകുപ്പിന്റെ ആലോചന.
ചീഫ് എലിഫന്റ് വാർഡിന്റെ നിർദ്ദേശം ലഭിച്ചാലുടൻ നടപടികളുമായി മുന്നോട്ടുപോകുമെന്ന് വനംവകുപ്പ് അറിയിച്ചു. വയനാട്ടിൽ നിന്നുള്ള വിദഗ്ധ സംഘം കൂരങ്കല്ലിൽ എത്തി ആനയുടെ ആരോഗ്യസ്ഥിതി വിലയിരുത്തും. കാട്ടാനശല്യത്തിന് അടിയന്തര നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ആനയെ കിണറിനുള്ളിൽ വച്ചുതന്നെ മയക്കുവെടി വയ്ക്കണമെന്നും, രക്ഷപ്പെടുത്തിയാലും പ്രദേശത്തെ വനമേഖലയിലേക്ക് വീണ്ടും ഇറക്കിവിടരുതെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ആനയെ കൂരങ്കല്ലിൽ വിട്ടാൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്നും വന്നതുപോലെ തിരിച്ചു പോകാൻ അനുവദിക്കില്ലെന്നും ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് വ്യക്തമാക്കി. ദൂരെയുള്ള ഉൾക്കാട്ടിൽ വിടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
ആനയെ മറ്റൊരിടത്തേക്ക് മാറ്റാനുള്ള എല്ലാ ശ്രമവും ഉണ്ടാകുമെന്ന് ഡിഎഫ്ഒ പി. കാർത്തിക് ഉറപ്പുനൽകി. കിണറിന്റെ വശങ്ങൾ ഇടിച്ച് ആനയെ കാട്ടിലേക്ക് തുരത്തുന്നതാണ് എളുപ്പവഴിയെന്നും നാട്ടുകാരുടെ വികാരം കൂടി മനസ്സിലാക്കി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ആനയെ സ്ഥലത്തുനിന്ന് മാറ്റുന്നതിലും മയക്കുവെടി വയ്ക്കുന്നതിലും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും ഒരു ആനയെ മാറ്റിയതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടില്ലെന്നും ഡിഎഫ്ഒ വ്യക്തമാക്കി.
ഇന്ന് പുലർച്ചെയാണ് കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിൽ കാട്ടാന വീണത്. കിണറിനു തൊട്ടടുത്തായി കൊടുമ്പുഴ വനമേഖല സ്ഥിതിചെയ്യുന്നു. ഈ വനമേഖലയിൽ നിന്നിറങ്ങിവരുന്ന കാട്ടാനകൾ ഈ പ്രദേശങ്ങളിൽ വലിയ ശല്യമുണ്ടാക്കുന്നതായി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആന കിണറ്റിൽ വീണത്.
Story Highlights: A wild elephant that fell into a well in Malappuram will be tranquilized.