ശക്തി നഗറിലെ എഫ്സിഐ ഗോഡൗണിന് സമീപം കണ്ടെത്തിയ അജ്ഞാത മൃതദേഹം സോനു നഗർ എന്ന പഹാർഗഞ്ച് സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഫെബ്രുവരി മൂന്നിനാണ് സംഭവം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയത്. സോനുവിന്റെ ഭാര്യ സരിത നൽകിയ പരാതിയിൽ അജ്ഞാതരായ രണ്ടുപേർ ഭർത്താവിനെ മോട്ടോർസൈക്കിളിൽ കൂട്ടിക്കൊണ്ടുപോയതായും പിന്നീട് തിരിച്ചെത്തിയില്ലെന്നുമായിരുന്നു വിവരം.
പോലീസ് അന്വേഷണം പുരോഗമിക്കവെ സരിതയുടെ മൊഴികളിലെ പൊരുത്തക്കേടുകൾ സംശയത്തിന് ഇടയാക്കി. സിസിടിവി ദൃശ്യങ്ങളും മറ്റു തെളിവുകളും പരിശോധിച്ച പോലീസ് സംഭവസ്ഥലത്ത് പഞ്ചാബ് സ്വദേശികളായ ചിലരെ സംശയാസ്പദമായി കണ്ടെത്തി. സരിതയും അമ്മയും പഞ്ചാബ് കേന്ദ്രീകരിച്ചുള്ള നിരവധി ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി.
ഡൽഹിയിലെ ഗുലാബി ബാഗ് പ്രദേശത്ത് സജീവമായിരുന്ന ഒരു ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിർണായകമായ തെളിവ് ലഭിച്ചത്. 19-കാരനായ ബഗ്ഗ സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ കൊലപാതകത്തിന് പിന്നിൽ സോനുവിന്റെ ഭാര്യ സരിതയാണെന്ന് വ്യക്തമായി.
സരിത തന്റെ ഭർത്താവിനെ കൊലപ്പെടുത്താൻ 19-കാരനായ ബഗ്ഗ സിങ്ങിന് ക്വട്ടേഷൻ നൽകിയതായിരുന്നു. സോനുവിന്റെ രണ്ടാം വിവാഹമായിരുന്നു സരിതയുമായുള്ളത്. സ്വത്ത് തർക്കത്തെ തുടർന്ന് സോനുവിനെ ഒഴിവാക്കാനാണ് സരിത കൊലപാതകം ആസൂത്രണം ചെയ്തത്. ബഗ്ഗ സിങ്ങിനും ഗുർപ്രീത് എന്നയാൾക്കുമൊപ്പമാണ് സരിത ഗൂഢാലോചന നടത്തിയത്. ഗുർപ്രീത് ഇപ്പോഴും പിടിയിലായിട്ടില്ല.
Story Highlights: A wife in Delhi orchestrated the murder of her husband over property disputes, hiring a 19-year-old hitman.