കേരളത്തിൽ ശക്തമായ കാറ്റും മഴയും വ്യാപക നാശനഷ്ടം വിതച്ചു. കോഴിക്കോട്, പാലക്കാട്, വയനാട്, കൊല്ലം എന്നീ ജില്ലകളിൽ വീടുകൾ തകർന്നും മരങ്ങൾ വീണും നാശനഷ്ടമുണ്ടായി. കൊയിലാണ്ടിയിൽ അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.
കോഴിക്കോട് കുതിരവട്ടം, കുറ്റ്യാടി, നാദാപുരം, താമരശ്ശേരി മേഖലകളിൽ ശക്തമായ കാറ്റ് വീശി. കുതിരവട്ടം സ്വദേശി മോഹനന്റെയും പുഴ മൂലയ്ക്കൽ നാരായണന്റെയും വീടുകൾ പൂർണമായി തകർന്നു. നാരായണന്റെ മകൾ സ്വപ്നയ്ക്ക് പരുക്കേറ്റു. താമരശ്ശേരിയിൽ മരങ്ങൾ വീണ് രണ്ട് വീടുകൾ ഭാഗികമായി തകർന്നു. കൊയിലാണ്ടി ഹാർബറിൽ നിന്ന് മീൻ പിടിക്കാൻ പോയ 45 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. മൂന്ന് വള്ളങ്ങൾ ചുഴലിയിൽപ്പെട്ട് തകർന്നു.
പാലക്കാട് ധോണി മൂലംപാടം സ്വദേശി പൊന്നന്റെ വീട് മരം വീണ് തകർന്നു. വയനാട്ടിൽ വാളാട് എടത്തന ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിന്റെ മേൽക്കൂര പറന്നുപോയി. കൊല്ലം ഭരണിക്കാവ് ജെ എം എച്ച് എസ് സ്കൂളിന് മുന്നിൽ കൂറ്റൻ മരം ഒടിഞ്ഞുവീണു. സ്കൂൾ വിടുന്നതിന് മിനിട്ടുകൾക്ക് മുൻപാണ് അപകടം സംഭവിച്ചത്. ശബ്ദം കേട്ട് ആളുകൾ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി.