ആലപ്പുഴയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

Anjana

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് തൃക്കുന്നപ്പുഴയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ പ്രദേശത്ത് നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ക്യൂലക്‌സ് കൊതുക് പരത്തുന്ന ഈ പകര്‍ച്ചവ്യാധി ജപ്പാന്‍ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് കാണപ്പെടുന്നത്. എന്നാല്‍ ജപ്പാന്‍ ജ്വരത്തെ അപേക്ഷിച്ച് ഗുരുതരമാകാറില്ല. തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ വര്‍ഷവും ആലപ്പുഴ ജില്ലയില്‍ വെസ്റ്റ് നൈല്‍ കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തവണയും രോഗം സ്ഥിരീകരിച്ചതോടെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. രോഗ പ്രതിരോധത്തിനായി കൊതുക് നിയന്ത്രണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അഭ്യര്‍ത്ഥിച്ചു.