വയനാട് പനമരത്തെ യുവാവിന്റെ ആത്മഹത്യ (suicide) സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവായി. പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയെന്ന ആരോപണത്തിൽ രതിനെതിരെ എടുത്ത കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. പോക്സോ കേസിൽ പെടുത്തുമെന്ന് കമ്പളക്കാട് പോലീസ് ഭീഷണിപ്പെടുത്തിയെന്ന ബന്ധുക്കളുടെ പരാതിയിൽ കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലും അന്വേഷണം നടക്കും. വകുപ്പ്തല പ്രാഥമിക അന്വേഷണവും ആരംഭിച്ചു.
പോലീസിനെതിരെ മരിച്ച രതിൻ്റെ കുടുംബം രംഗത്തെത്തി. പൊതു സ്ഥലത്ത് രണ്ട് പെൺകുട്ടികളോട് സംസാരിച്ചതിന് ഭീഷണിപ്പെടുത്തുകയാണോ വേണ്ടതെന്ന് സഹോദരി രമ്യ ചോദിച്ചു. നാട്ടിൽ മോശം അഭിപ്രായമുള്ള ആളല്ല രതിനെന്നും പോലീസ് അദ്ദേഹത്തെ ഉപദ്രവിച്ചിട്ടുണ്ടെന്നും രമ്യ ആരോപിച്ചു. വീഡിയോയിൽ രതിന്റെ ചുണ്ടിൽ പൊട്ടലുള്ളതായി കാണുന്നുവെന്നും പോക്സോ കേസിൽ പെടുത്തുമെന്ന ഭീഷണി കാരണം ഭയന്നാണ് ആത്മഹത്യ ചെയ്തതെന്നും രമ്യ പറഞ്ഞു.
പോലീസും നാട്ടുകാരും ചേർന്നാണ് രതിനെ ഉപദ്രവിച്ചതെന്ന് അമ്മ ശാരദ ആരോപിച്ചു. രതിനെതിരെ പെറ്റി കേസ് രജിസ്റ്റർ ചെയ്ത കാര്യം പോലീസ് മറച്ചുവെച്ചുവെന്ന് അമ്മാവൻ മോഹനൻ പറഞ്ഞു. ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച വീഡിയോ സന്ദേശം അധികം പ്രചരിപ്പിക്കേണ്ടെന്ന് പോലീസ് നിർദേശിച്ചത് എന്തോ ഒളിച്ചുവയ്ക്കാൻ വേണ്ടിയാണെന്ന് കുടുംബം സംശയം പ്രകടിപ്പിച്ചു. ഈ സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
Story Highlights: Crime Branch to investigate youth’s suicide in Wayanad after alleged police threats