വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിലെ വായ്പകൾ എഴുതിത്തള്ളാൻ സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് തീരുമാനിച്ചു. ബാങ്ക് പ്രസിഡൻറ് സികെ ഷാജി മോഹൻ ഈ വിവരം വ്യക്തമാക്കി. വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്ന് എടുത്തിട്ടുള്ള വായ്പകളാണ് എഴുതിത്തള്ളുക.
നടപടികൾ വേഗത്തിൽ പൂർത്തിയാക്കി വായ്പയെടുത്ത കർഷകരുടെ പ്രമാണങ്ങൾ തിരികെ നൽകാനും തീരുമാനിച്ചിട്ടുണ്ട്. സർക്കാർ അനുമതിക്ക് ശേഷം ഒരു മാസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. വൈത്തിരി ശാഖയിൽ നിന്ന് 52 കുടുംബങ്ങൾ വായ്പ എടുത്തിട്ടുണ്ട്.
52 പേരുടെ 64 വായ്പകളാണ് എഴുതി തള്ളുന്നത്. ഏകദേശം ഒരു കോടിയോളം രൂപയുടെ വായ്പകളാണ് ദുരന്തത്തിനിരയായവർ തിരിച്ചടയ്ക്കാനുള്ളത്. 42 കാർഷിക വായ്പകൾ, 21 റൂറൽ ഹൗസിങ് വായ്പകൾ, ഒരു കാർഷികേതര വായ്പ എന്നിവയാണ് എഴുതിത്തള്ളുന്നവയിൽ ഉൾപ്പെടുന്നത്.
വായ്പക്കാരുടെ വിവരം ബാങ്ക് ശേഖരിച്ചിട്ടുണ്ട്. ദുരന്തബാധിതർക്ക് വേണ്ടി ബാങ്കിന് കഴിയുന്ന ധനസഹായം കൂടി ചെയ്യുമെന്ന് ഷാജി മോഹൻ അറിയിച്ചു. ഇതിനോടകം ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപ നൽകി കഴിഞ്ഞു.
നേരത്തെ കേരളാബാങ്കും മുണ്ടക്കൈ ദുരന്തബാധ്യത മേഖലയിലെ ജനങ്ങളുടെ വായ്പകൾ എഴുതി തള്ളിയിരുന്നു. ഇപ്പോൾ അതേ രീതി തന്നെയാണ് കാർഷിക ഗ്രാമ വികസന ബാങ്കും സ്വീകരിച്ചിരിക്കുന്നത്.
Story Highlights: Loans of Wayanad Mundakai – Churalmala landslide affected people to be written off by State Cooperative Agricultural and Rural Development Bank