കല്പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈ ഉരുള്പൊട്ടല് ദുരന്തത്തില് മരണപ്പെട്ട സീരിയൽ ക്യാമറാമാന് ഷിജുവിന് സിനിമ-സീരിയല് താരം സീമാ ജി നായര് ആദരാഞ്ജലി അര്പ്പിച്ചു. നിരവധി സീരിയലുകളില് ഫോക്കസ് പുള്ളറായി പ്രവര്ത്തിച്ചിരുന്ന ഷിജുവിന്റെയും അമ്മയുടെയും മൃതദേഹങ്ങള് കണ്ടെത്തിയതായി സീമ സോഷ്യല് മീഡിയയില് കുറിച്ചു.
ഈ ദുരന്തത്തിന്റെ വ്യാപ്തി ആദരാഞ്ജലികളില് തീരുമോ എന്നും അവര് ചോദിച്ചു. സൂര്യ ഡിജിറ്റൽ വിഷനിലെ ക്യാമറ അസിസ്റ്റന്റായിരുന്ന ഷിജു മാളികപ്പുറം, അനിയത്തിപ്രാവ്, അമ്മക്കിളിക്കൂട് തുടങ്ങി നിരവധി സീരിയലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ ഷിജുവിന്റെ മരണവാർത്ത മലയാള സിനിമയുടെ ഡയറക്ടേഴ്സ് യൂണിയനായ ഫെഫ്ക ആണ് പുറത്തുവിട്ടത്. ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട ഷിജുവിന്റെ സഹോദരനും മകളും ചികിത്സയിലാണ്.
ഷിജുവിന്റെ അച്ഛൻ ഉൾപ്പെടെയുള്ള മറ്റ് ബന്ധുക്കൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ഷിജുവിന്റെ അയൽക്കാരനും ക്യാമറ അസ്സിസ്റ്റന്റും സഹപ്രവർത്തകനുമായ പ്രണവ് പരിക്കുകളോടെ രക്ഷപ്പെട്ടു.
ഈ ദുരന്തത്തില് പെട്ടവരെ സഹായിക്കാന് മമ്മൂട്ടിയുടെ കെയര് ആന്ഡ് ഷെയറും സി പി ട്രസ്റ്റും രംഗത്തെത്തിയിട്ടുണ്ട്.
Story Highlights: Serial cameraman Shiju dies in Mundakkai landslide, actress Seema G Nair pays tribute Image Credit: eastcoastdaily