മുണ്ടക്കൈ ചൂരല്മല ഉരുള്പൊട്ടല് ദുരന്തബാധിതരുടെ താല്ക്കാലിക പുനരധിവാസം ഈ മാസം മുപ്പതിനകം പൂര്ത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന് അറിയിച്ചു. കുറ്റമറ്റ രീതിയില് നടപടികള് പൂര്ത്തിയാക്കേണ്ടതിനാലാണ് കാലതാമസം ഉണ്ടാകുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഉരുള്പൊട്ടലിനെ കുറിച്ച് പഠിച്ച ഭൗമ ശാസ്ത്രജ്ഞന് ജോണ് മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം സര്ക്കാറിന് റിപ്പോര്ട്ട് സമര്പ്പിച്ചിട്ടുണ്ട്.
മുണ്ടക്കയിലും ചൂരല്മരയിലും കൂടുതല് സുരക്ഷിതമായ സ്ഥലങ്ങള് ഉണ്ടെന്നും പുഞ്ചിരി മട്ടം സുരക്ഷിതമല്ലെന്നുമാണ് വിദഗ്ധ സംഘത്തിന്റെ പ്രധാന കണ്ടെത്തല്. ടൗണ്ഷിപ്പിനായി സര്ക്കാര് എട്ട് സ്ഥലങ്ങളുടെ ലിസ്റ്റ് വിദഗ്ധസമിതിക്ക് കൈമാറിയിരുന്നു. ഇതില് അഞ്ചു ഇടങ്ങള് സുരക്ഷിതമാണെന്നും റിപ്പോര്ട്ടില് പറയുന്നു. നിലവില് 35 കുടുംബങ്ങള് മാത്രമാണ് നാലു ക്യാമ്പുകളിലായി ഉള്ളത്. അടുത്ത വ്യാഴാഴ്ച ക്യാമ്പുകളായി പ്രവര്ത്തിച്ചിരുന്ന മൂന്ന് സ്കൂളുകള് തുറക്കുമെന്നും മന്ത്രി അറിയിച്ചു.
പുനരധിവാസക്കാരുടെ പ്രശ്നങ്ങള് പരിഹരിക്കാന് ഹെല്പ്പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. സ്വയം വീടുകള് കണ്ടെത്തിയവര്ക്ക് എന്തെങ്കിലും പ്രതിസന്ധി ഉണ്ടെങ്കില് ജില്ലാ കളക്ടറെ ബന്ധപ്പെടാമെന്നും മന്ത്രി കൂട്ടിച്ചേര്ത്തു. തിരച്ചില് പൂര്ണമായും അവസാനിപ്പിച്ചിട്ടില്ലെന്നും സേനകളുടെ സാന്നിധ്യം ഉണ്ടെന്നുമാണ് സര്ക്കാര് പറയുന്നത്. താത്ക്കാലിക പുനരധിവാസക്കാരുടെ പ്രശ്നങ്ങള് പരിഹരിക്കാന് 04936 203450 എന്ന നമ്പറില് വിളിക്കാവുന്നതാണ്.
Story Highlights: Wayanad landslide victims to be temporarily rehabilitated by end of month, says Revenue Minister K Rajan