വയനാട് ദുരന്തം: മരണസംഖ്യ 175 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

Anjana

Wayanad landslide rescue

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 175 ആയി ഉയർന്നിരിക്കുന്നു. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തമായ ഇതിൽ, കനത്ത മഴയിലും രക്ഷാ ദൗത്യം തുടരുകയാണ്. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവർ ഏറെയുണ്ട്. ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താൽക്കാലികമായി നിർത്തിവച്ച രക്ഷാദൗത്യം അതിരാവിലെ പുനരാരംഭിച്ചു.

ബന്ധുക്കൾ ആരോഗ്യസ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 227 പേരെ കാണാനില്ല. തെരച്ചിൽ അതീവ ദുഷ്കരമാക്കുന്നത് ചെളിമണ്ണും കൂറ്റൻ പാറക്കെട്ടുകളുമാണ്. ചെളി നിറഞ്ഞതിനാൽ മണ്ണിൽ കാലുറപ്പിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ഓരോ നിമിഷവും മരണസംഖ്യ കൂടിവരികയാണ്. ബെയിലി പാലം നിർമാണം ഇന്ന് പൂർത്തിയാകില്ലെന്നും നാളെ മാത്രമേ പൂർത്തിയാകൂ എന്നും ചീഫ് സെക്രട്ടറി വി വേണു അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്ന് രാവിലെ ആറ് മണിമുതൽ സൈന്യം ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. ചൂരൽ മലയിൽ 4 സംഘങ്ങളായി തിരിഞ്ഞ് 150 സൈനികരാണ് രക്ഷാദൗത്യം തുടരുന്നത്. മുണ്ടക്കൈയിൽ തെരച്ചിൽ ഇനിയും വൈകും. തെരച്ചിലിനായി മണ്ണുമാന്തി അടക്കം യന്ത്രങ്ങൾ എത്തുന്നത് വൈകുമെന്ന് അധികൃതർ അറിയിക്കുന്നു.

Story Highlights: Wayanad landslide death toll rises to 175, rescue operations continue amid heavy rain

Image Credit: twentyfournews