മുണ്ടക്കൈ ഉരുൾപൊട്ടൽ: തിരച്ചിൽ അഞ്ചാം ദിവസത്തിലേക്ക്, 300 പേരെ ഇനിയും കണ്ടെത്താനുണ്ട്

Anjana

Wayanad landslide rescue

മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരും. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചിൽ നടക്കുന്നത്. റഡാറടക്കമുള്ള ആധുനിക സംവിധാനങ്ങൾ തിരച്ചിലിനായി എത്തിച്ചിട്ടുണ്ട്. ദുരന്തത്തിൽ ഇതുവരെ 319 പേരാണ് മരിച്ചത്. 300 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. 86 പേർ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നുണ്ട്.

ഇന്നലെ റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്ത് രാത്രി വൈകിയും പരിശോധന നടത്തിയെങ്കിലും ജീവന്റെ തുടിപ്പ് കണ്ടെത്താൻ കഴിഞ്ഞില്ല. ഫ്ലഡ് ലൈറ്റ് എത്തിച്ചായിരുന്നു പരിശോധന. അഞ്ച് മണിക്കൂർ നേരത്തെ തിരച്ചിലിലും മനുഷ്യജീവന്റേതായ യാതൊന്നും കണ്ടെത്താൻ സാധിക്കാതെ വന്നതോടെ രക്ഷാപ്രവർത്തകർക്ക് ദൗത്യം താൽകാലികമായി അവസാനിപ്പിക്കേണ്ടി വന്നു. തിരിച്ചറിയാൻ കഴിയാത്ത 74 മൃതദേഹം ഇന്ന് പൊതുശ്മശാനങ്ങളിൽ സംസ്കരിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വയനാട് ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ പകർച്ചവ്യാധി പ്രതിരോധത്തിന് ജില്ലാതല മോണിറ്ററിംഗ് ടീമിനെ നിയോഗിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എലിപ്പനി, വയറിളക്ക രോഗങ്ങൾ, ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് എ, ചിക്കൻ പോക്സ് എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദേശം നൽകി. ആശുപത്രികളിലെത്തിച്ച മുഴുവൻ മൃതദേഹങ്ങളും പോസ്റ്റ്മോർട്ടം ചെയ്തു. 140 മൊബൈൽ ഫ്രീസറുകൾ ലഭ്യമാക്കിയിട്ടുണ്ട്.

Story Highlights: Wayanad landslide rescue enters Day 5, search continues for 300 missing

Image Credit: twentyfournews