വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 284 ആയി ഉയർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലമ്പൂരിൽ 139, മേപ്പാടി സിഎച്ച്സിയിൽ 132, വിംസിൽ 12, വൈത്തിരിയിൽ 1, ബത്തേരിയിൽ 1 എന്നിങ്ങനെയാണ് മരണസംഖ്യയുടെ വിശദാംശങ്ങൾ. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. 1100 അംഗങ്ങൾ ഉൾപ്പെടുന്ന സംഘമാണ് തിരച്ചിൽ നടത്തുന്നത്. യന്ത്രസഹായത്തോടെയാണ് ഇന്നത്തെ തെരച്ചിൽ നടക്കുന്നത്. മൃതദേഹങ്ങൾ കണ്ടെത്താൻ കഡാവർ നായകളെയും ദുരന്തമേഖലയിൽ എത്തിച്ചിട്ടുണ്ട്. പോലീസിന്റെ കെ 9 ടീമും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. ബെയ്ലി പാലത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. ഇത് പൂർത്തിയാകുന്നതോടെ രക്ഷാദൗത്യത്തിന് കൂടുതൽ വേഗം കൈവരിക്കും.
ചാലിയാർ പുഴയുടെ ഉൾ വനത്തിൽ കൂടുതൽ ഭാഗങ്ങളിൽ ഇന്ന് തിരച്ചിൽ നടത്തും. നിലമ്പൂർ പോത്തുകല്ലിൽ നിന്ന് 15 കിലോമീറ്റർ വനഭാഗം കഴിഞ്ഞാൽ തമിഴ്നാട് അതിർത്തിയാണ്. തമിഴ്നാട് അതിർത്തി കടന്നും തിരച്ചിൽ നടത്താൻ തീരുമാനമായിട്ടുണ്ട്. വനം വകുപ്പാണ് തിരച്ചിൽ നടത്തുന്നത്. രക്ഷാദൗത്യത്തിനായി എറണാകുളം ജില്ലയിൽനിന്ന് കൂടുതൽ ഫയർഫോഴ്സ്, സിവിൽ ഡിഫൻസ് ടീമുകൾ വയനാട്ടിലേക്ക് തിരിച്ചു. 69 അംഗ ടീമാണ് രക്ഷാദൗത്യത്തിന്റെ ഭാഗമാവുക.
Story Highlights: Wayanad landslide death toll rises to 284, rescue operations intensify
Image Credit: twentyfournews