വയനാട് മേപ്പാടി മുണ്ടക്കൈയിൽ സംഭവിച്ച ഭീകരമായ ഉരുൾപൊട്ടലിൽ മരണസംഖ്യ 11 ആയി ഉയർന്നു. മരിച്ചവരിൽ ഒരു പിഞ്ചുകുഞ്ഞും ഉൾപ്പെടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മരിച്ചവരിൽ ഒരാൾ നേപ്പാൾ സ്വദേശിയാണെന്ന് സംശയിക്കുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് ആദ്യ ഉരുൾപൊട്ടൽ ഉണ്ടായത്. തുടർന്ന് മൂന്ന് തവണയാണ് മേഖലയിൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തത്.
ദുരന്തത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. കൂടാതെ നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. വെള്ളാർമല സ്കൂൾ തകർന്നു. ചൂരൽമല – മുണ്ടക്കൈ റൂട്ടിലെ പാലം തകർന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നു. നിരവധി വീടുകളും തകർന്നിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി സൈന്യം വയനാട്ടിലേക്ക് എത്തുമെന്നും എയർലിഫ്റ്റിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിക്കുമെന്നും മന്ത്രി കെ രാജൻ അറിയിച്ചു.
രക്ഷാപ്രവർത്തനം ശക്തമാക്കാൻ കൂടുതൽ എൻഡിആർഎഫ് സംഘം ദുരന്തഭൂമിയിലേക്ക് എത്തും. സിലൂരിൽ നിന്ന് ഹെലികോപ്റ്റർ എത്തിക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ വ്യക്തമാക്കി. വെള്ളാർമല സ്കൂൾ പരിസരത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദുരന്തമേഖലയിലേക്ക് എത്താൻ രക്ഷാപ്രവർത്തകർക്ക് ഇപ്പോൾ കഴിയാത്ത സ്ഥിതിയാണ്. കൺട്രോൾ റൂം തുറന്നിട്ടുണ്ട്. കൺട്രോൾ റൂം നമ്പറുകൾ: 9656938689, 8086010833.
Story Highlights: Wayanad landslide death toll rises to 11, including an infant