വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് എത്രയും വേഗം ഇൻഷുറൻസ് തുക വിതരണം ചെയ്യണമെന്ന് ധനമന്ത്രാലയം പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെട്ടു. എൽഐസി, നാഷണൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യാ അഷ്വറൻസ്, ഓറിയന്റൽ ഇൻഷുറൻസ്, യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് എന്നീ കമ്പനികൾക്കാണ് നിർദേശം നൽകിയത്. വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിൽ നിന്നാണ് കൂടുതൽ ക്ലെയിമുകളും ലഭിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയുടെ ഭാഗമായുള്ളവർക്കാണ് തുക വിതരണം വേഗത്തിലാക്കുന്നത്. 350-ലേറെ മനുഷ്യജീവനുകളും കോടിക്കണക്കിന് രൂപയുടെ ആസ്തികളും നഷ്ടമായ ദുരന്തത്തിൽ ശേഷിച്ചിരിക്കുന്നവർക്ക് നൂലാമാലകളില്ലാതെ ഇൻഷുറൻസ് തുക ലഭ്യമാക്കുകയാണ് ലക്ഷ്യം. ദുരിതബാധിത ജില്ലകളിലെ എല്ലാ പോളിസി ഉടമകളെയും കണ്ടെത്താനുള്ള ശ്രമം കമ്പനികൾ ആരംഭിച്ചു കഴിഞ്ഞു. പ്രാദേശിക പത്രങ്ങൾ, സമൂഹ മാധ്യമങ്ങൾ, കമ്പനി വെബ്സൈറ്റ്, എസ്എംഎസ് എന്നിവയിലൂടെയാണ് ഉപയോക്താക്കളിലേക്കെത്താൻ ശ്രമിക്കുന്നത്.
ക്ലെയിം സെറ്റിൽമെന്റിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുമെന്നും, ഉരുൾപൊട്ടലിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് ഇളവുകൾ നൽകുമെന്നും അറിയിച്ചു. ജനറൽ ഇൻഷുറൻസ് കൗൺസിലാണ് ഇൻഷുറൻസ് കമ്പനികളുമായി ചേർന്ന് അതിവേഗ പോളിസി വിതരണത്തിനുള്ള നടപടികൾ ഏകോപിപ്പിക്കുന്നത്. പോളിസി ഉടമകൾക്കായി പ്രത്യേക പോർട്ടൽ ആരംഭിക്കുമെന്നും, അതിൽ പ്രതിദിന ക്ലെയിം സ്റ്റാറ്റസ് അറിയാനാകുമെന്നും അറിയിച്ചു.
Story Highlights: Ministry of Finance directs public sector insurance companies to expedite claim settlements for Wayanad landslide victims
Image Credit: twentyfournews