കൽപ്പറ്റ: വയനാട് ജില്ലയിൽ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ആദ്യ ഡോസ് നൽകിയെന്നും വാക്സിനേഷൻ യജ്ഞത്തിൽ ‘സമ്പൂര്ണ’ വാക്സിനേറ്റഡ് ജില്ലയായി വയനാട് മാറിയെന്നും കളക്ടർ അദീല അബ്ദുള്ള പറഞ്ഞു.
കോവിഡ് പോസിറ്റീവായവർ, ക്വാറന്റൈനിലുള്ളവർ, വാക്സിൻ നിഷേധിച്ചവർ തുടങ്ങിയവരെ ഈ വിഭാഗത്തിൽ നിന്നും ഒഴിവാക്കിയതായും അദീല അബ്ദുള്ള ഫെയ്സ്ബുക്ക് പോസ്റ്റിൽ പങ്കുവച്ചു.
6,16,112 പേർക്കാണ് ജില്ലയിൽ ആദ്യ ഡോസ് വാക്സിൻ നൽകിയത്. രണ്ടാം ഡോസ് (31.67 %) വാക്സിൻ 2,13,311 പേർക്കാണ് നൽകിയത്. കുറഞ്ഞ കാലയളവിൽ ലക്ഷ്യം സാധ്യമാക്കിയ ജില്ലയിലെ എല്ലാ ആരോഗ്യ പ്രവർത്തകർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവരടക്കമുള്ള എല്ലാവർക്കും കളക്ടർ അഭിനന്ദനം അറിയിച്ചു.
ദുഷ്കരമായ പ്രദേശങ്ങളിൽ പോലും 28 മൊബൈൽ ടീമുകളെയാണ് വാക്സിനേഷൻ ഉറപ്പാക്കാൻ സജ്ജമാക്കിയത്. മൊബൈൽ ടീമുകൾ പ്രത്യേക ദൗത്യത്തിലൂടെയാണ് ആദിവാസി ഊരുകൾ കേന്ദ്രീകരിച്ച് വാക്സിൻ നൽകിയത്.
636 കിടപ്പ് രോഗികൾക്കും വീട്ടിലെത്തി വാക്സിൻ ലഭ്യമാക്കി. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ട്രൈബൽ വകുപ്പ്, കുടുംബശ്രീ, ആശാ വർക്കർമാർ തുടങ്ങിയവരും പ്രവർത്തനങ്ങളുടെ ഭാഗമായിയെന്നും ജില്ലാ കളക്ടർ പറഞ്ഞു.
Story highlight : Wayanad becomes Complete Vaccinated District.