വയനാട് ചുണ്ടേലിൽ നടന്ന വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ നവാസിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പുത്തൂർ വയൽ കോഴി കാരാട്ടിൽ വീട്ടിൽ സുമിൽഷാദ്, അജിൻ എന്നിവരാണ് വൈത്തിരി പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ച ചൂണ്ടേൽ എസ്റ്റേറ്റ് റോഡിൽ വെച്ചാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ജീപ്പ് ഓട്ടോറിക്ഷയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഈ അപകടത്തിൽ ഓട്ടോ ഡ്രൈവർ നവാസ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു. സംഭവത്തിൽ ദുരൂഹതയാരോപിച്ച് നാട്ടുകാരും കുടുംബവും രംഗത്തെത്തിയിരുന്നു. സംഭവം ആസൂത്രിതമാണെന്ന സംശയം പൊലീസിനും ഉണ്ടായിരുന്നു.
പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച, ജീപ്പിലുണ്ടായിരുന്നവരെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇന്ന് രാവിലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നവാസിന്റെ സ്റ്റേഷനറി കടയും പ്രതികളുടെ ഹോട്ടലും ചുണ്ടേൽ റോഡിന്റെ ഇരുവശത്തുമാണ്. ഇവർ തമ്മിൽ തർക്കങ്ങളും വ്യക്തി വൈരാഗ്യവും ഉണ്ടായിരുന്നു എന്നതിന്റെ സൂചനകളും പൊലീസിന് ലഭിച്ചിരുന്നു. വിശദമായ അന്വേഷണത്തിന് ശേഷമാണ് അറസ്റ്റ് നടത്തിയത്.
ഇരു പ്രതികൾക്കുമെതിരെ വധശ്രമവും, കൊലപാതക കുറ്റവും ചുമത്തിയിട്ടുണ്ട്. കച്ചവടവുമായി ബന്ധപ്പെട്ട തർക്കങ്ങളും കുടുംബപരമായ പ്രശ്നങ്ങളും കൊലപാതകത്തിൽ കലാശിച്ചതായാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും, കൊലപാതകത്തിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നും പൊലീസ് സൂചിപ്പിച്ചു. കൂടുതൽ പ്രതികൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്ന് കൽപ്പറ്റ ഡിവൈഎസ്പി അറിയിച്ചു. വൈത്തിരി സിഐ എ വിശ്വഭരനാണ് അന്വേഷണത്തിന്റെ ചുമതല വഹിക്കുന്നത്.
Story Highlights: Wayanad auto driver’s death confirmed as murder, two arrested in connection with the incident.