വഖഫ് നിയമ ഭേദഗതി ബില്ലിന് എംപിമാരുടെ പിന്തുണ തേടി കാഞ്ഞിരപ്പള്ളി രൂപത ജാഗ്രത സമിതി രംഗത്ത്. നിലവിലെ വഖഫ് നിയമം പരിഷ്ക്കരിക്കേണ്ടത് അനിവാര്യമാണെന്നും ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കേണ്ടത് എംപിമാരുടെ കടമയാണെന്നും സമിതി വ്യക്തമാക്കി. ഒരു വിഭാഗത്തിൻ്റെ മാത്രം കൂടെ നിൽക്കുന്നത് ശരിയല്ലെന്നും ജാഗ്രതാ സമിതി ചൂണ്ടിക്കാട്ടി. പൊതു സമൂഹത്തിൻ്റെ വോട്ട് നേടി പാർലമെൻ്റിൽ എത്തിയവരാണ് എം പിമാരെന്നും കാഞ്ഞിരപ്പള്ളി രൂപത ജാഗ്രത സമിതി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
വഖഫ് നിയമം മൂലം വിവിധ പ്രദേശങ്ങളിൽ സ്വത്ത് നഷ്ട്ടപ്പെടുമെന്ന ഭീഷണിയിലാണ് പലരും. വില കൊടുത്ത് വാങ്ങിയ ഭൂമിയിൽ നിന്നും പുറത്താക്കപ്പെടുന്ന സ്ഥിതി നിലനിൽക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ, വഖഫ് നിയമ ഭേദഗതി ബിൽ പ്രതീക്ഷ നൽകുന്നതാണെന്ന് ജാഗ്രത സമിതി അഭിപ്രായപ്പെട്ടു. ആവശ്യമായ നിയമ ഭേദഗതികളെ പിന്തുണക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
വഖഫ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് എംപിമാരോട് കത്തോലിക്ക കോൺഗ്രസും നിർദേശിച്ചിരുന്നു. ഇന്ത്യൻ ഭരണഘടനയ്ക്ക് മുകളിൽ ഒരു മതനിയമവും ഇന്ത്യയിൽ ഇല്ലെന്നും മത നിയമങ്ങളല്ല രാജ്യത്തെ ഭരിക്കേണ്ടതെന്നും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു. ജനങ്ങളെ സ്നേഹിക്കുന്നു എങ്കിൽ നിയമഭേദഗതിയെ എംപിമാർ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ബില്ലിനെ എതിർക്കാനാണ് കോൺഗ്രസ് ഉൾപ്പെടുന്ന ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം. കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരും ബില്ലിനെ എതിർക്കും. മുനമ്പം ഭൂമി തർക്കം കേരളത്തിലെ മാത്രം വിഷയമായി കണ്ട് പ്രശ്നം പരിഹരിക്കാനാണ് യുഡിഎഫ് എംപിമാരുടെ തീരുമാനം. മുനമ്പം വിഷയത്തിന്റെ പേരിൽ വഖഫ് ബില്ലിനെ അനുകൂലിക്കേണ്ടതില്ലെന്നും ഇന്ത്യ മുന്നണി യോഗത്തിൽ തീരുമാനം എടുത്തു.
Story Highlights: The Kanjirappally Diocese Jagratha Samithi urges MPs to support the Waqf Amendment Bill, emphasizing the need for reform and upholding constitutional values.