തൃശൂർ പൂരം കലക്കൽ വിവാദത്തിൽ പുതിയ വഴിത്തിരിവ്. മുൻ മന്ത്രി വി.എസ്. സുനിൽകുമാറിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. രാവിലെ 11 മണിക്ക് രാമനിലയത്തിലാണ് മൊഴിയെടുക്കൽ നടക്കുക. മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് ഈ നടപടി. നേരത്തെ തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ, ജോയിന്റ് സെക്രട്ടറി ശശിധരൻ എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. പൂരം നിർത്തിവയ്ക്കേണ്ട സാഹചര്യം എന്തായിരുന്നുവെന്നതായിരുന്നു പ്രധാന ചോദ്യം. എഡിജിപി എം.ആർ. അജിത് കുമാറിന്റെ അന്വേഷണത്തിൽ തിരുവമ്പാടി ദേവസ്വത്തിനെതിരെ ഗുരുതര കണ്ടെത്തലുകൾ ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ത്രിതല അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ദേവസ്വം ഭാരവാഹികളെ ചോദ്യം ചെയ്തത്.
എഡിജിപിക്കെതിരായ വീഴ്ചകൾ സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷിക്കും. പൂരം അട്ടിമറിയിലെ ഗൂഢാലോചന ക്രൈംബ്രാഞ്ച് മേധാവി പരിശോധിക്കും. ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നത് ഇന്റലിജൻസ് മേധാവി അന്വേഷിക്കും. ഇങ്ങനെ മൂന്ന് തലത്തിലുള്ള അന്വേഷണങ്ങളാണ് തൃശൂർ പൂരം കലക്കൽ സംഭവത്തിൽ നടക്കുന്നത്. ഈ സാഹചര്യത്തിൽ വി.എസ്. സുനിൽകുമാറിന്റെ മൊഴി നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
Story Highlights: Thrissur Pooram controversy: VS Sunilkumar’s statement to be recorded today as part of three-tier probe