**ആലപ്പുഴ◾:** വിഎസ് അച്യുതാനന്ദന് വിട നൽകാനൊരുങ്ങി കേരളം. അദ്ദേഹത്തിന്റെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആലപ്പുഴ ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിൽ നിന്ന് വലിയ ചുടുകാട്ടിലേക്ക് പുറപ്പെട്ടു. തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തുന്നത്, അണികളുടെ കണ്ഠമിടറി മുദ്രാവാക്യം വിളികളാൽ അന്തരീക്ഷം നിറഞ്ഞു.
കേരളത്തിന്റെ സമരചരിത്രത്തിൽ വലിയ സ്ഥാനമുള്ള ഒരിടമാണ് വലിയ ചുടുകാട്. ഈ സ്ഥലത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. രക്തസാക്ഷികൾക്ക് അന്തിമ വിശ്രമം ഒരുക്കിയതും ഇവിടെത്തന്നെയാണ്.
1946 ഒക്ടോബർ 20ന് ദിവാൻ ഭരണത്തിനെതിരെ കല്ലും കമ്പും വാരിക്കുന്തവുമായി പോരാടിയ സമരക്കാരെ സർ സി.പി.യുടെ പട്ടാളം വെടിവച്ചിട്ടത് ഇവിടെയാണ്. മരിച്ചവരെയും ജീവനുള്ളവരെയും കൂട്ടിയിട്ട് പെട്രോളൊഴിച്ച് കത്തിച്ചു. രക്ഷസാക്ഷികള്ക്കൊപ്പം കൃഷ്ണപ്പിള്ളയും ടിവി തോമസും ഗൗരിയമ്മയും അടക്കം തൊഴിലാളി വർഗ്ഗ പാർട്ടിയെ വളർത്തിയ പല നേതാക്കന്മാർക്കും അന്ത്യവിശ്രമം ഒരുങ്ങിയതും ഇതേ മണ്ണിലാണ്.
വിഎസ് അച്യുതാനന്ദന് അന്തിമ വിശ്രമം ഒരുക്കിയിരിക്കുന്നത് വലിയ ചുടുകാട്ടിലെ രക്തസാക്ഷി സ്മാരകത്തിൽ സ്വന്തം പേരിലുള്ള ഭൂമിയിലാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഈ സ്ഥലം ചരിത്രഭൂമിയാണ്. ആ ഭൂമിയിൽ തന്റെ പ്രിയ സഖാക്കളുടെ അരികിൽ ഇനി വി.എസും ജ്വലിക്കുന്ന ഓർമ്മയായി ഉണ്ടാകും.
1958-ൽ ഇ.എം.എസ് സർക്കാർ അന്നത്തെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന വി.എസിൻ്റെ പേരിൽ ഈ ഭൂമി പതിച്ചുനൽകി. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളർന്നപ്പോൾ സി.പി.എമ്മും സി.പി.ഐയും ഇവിടെ പ്രത്യേകം സ്മൃതികുടീരങ്ങൾ പണിതു. ഇതിനെച്ചൊല്ലിയുണ്ടായ തർക്കങ്ങൾ തീർക്കാൻ ഒടുവിൽ അവസാന വാക്ക് പറഞ്ഞതും വി.എസ്. ആയിരുന്നു.
ഈ വലിയ ചുടുകാടിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്. കേരളത്തിന്റെ സമരചരിത്രത്തിൽ ചുടുചോരകൊണ്ട് നനഞ്ഞ മണ്ണാണിത്. രക്തസാക്ഷികളുടെ സ്മരണകൾ ഇരമ്പുന്ന ഒരിടം കൂടിയാണ് ഇവിടം.
Story Highlights : V S Achuthanandan’s funeral