ജർമ്മൻ വാഹന നിർമ്മാതാക്കളായ ഫോക്സ്വാഗൺ ഗോൾഫ് ജിടിഐയുടെ പ്രീ-ലോഞ്ച് ബുക്കിംഗിൽ വലിയ പ്രതികരണം. വാഹനം വിപണിയിൽ എത്തുന്നതിന് മുമ്പുതന്നെ വൻ ഡിമാൻഡാണ് ഉണ്ടായിരിക്കുന്നത്. പ്രീബുക്കിംഗിൽ ആദ്യ ബാച്ചിലെ 150 യൂണിറ്റുകളും വിറ്റുതീർന്നതായി കമ്പനി അറിയിച്ചു. വില പ്രഖ്യാപിക്കുന്നതിന് മുൻപേ ഇത്രയധികം ബുക്കിംഗ് ലഭിച്ചത് ശ്രദ്ധേയമാണ്.
ഫോക്സ്വാഗൺ ഗോൾഫ് ജിടിഐയുടെ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചത് മേയ് അഞ്ചിനാണ്. മൂന്ന് ദിവസം കൊണ്ട് തന്നെ ആദ്യ ബാച്ചിലെ എല്ലാ യൂണിറ്റുകളും വിറ്റുതീർന്നു. 2016-ൽ പോളോ ജി.ടി.ഐയുടെ പരിമിതമായ യൂണിറ്റുകൾ ഫോക്സ്വാഗൺ ഇന്ത്യയിൽ എത്തിച്ചിരുന്നു. ഫോക്സ്വാഗൺ ഇന്ത്യയിൽ എത്തിക്കുന്ന രണ്ടാമത്തെ ജിടിഐ മോഡലാണ് ഗോൾഫ് ജിടിഐ.
കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് (സിബിയു) റൂട്ട് വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനമാണ് ഫോക്സ്വാഗൺ ഗോൾഫ് ജിടിഐ. ഗോൾഫ് ജി.ടി.ഐയുടെ അപ്ഡേറ്റഡ് മോഡൽ ഈ വർഷം ഏപ്രിലിൽ ആയിരുന്നു ഫോക്സ്വാഗൺ ആഗോളവിപണിയിൽ അവതരിപ്പിച്ചത്. പ്രീബുക്കിംഗിൽ പങ്കാളികളാകാൻ ഫോക്സ്വാഗൺ ഒരു ക്വിസ് മത്സരം നടത്തിയിരുന്നു.
വാഹനത്തിന് കരുത്തേകുന്നത് 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ്. ഈ എഞ്ചിൻ 265 bhp കരുത്തിൽ പരമാവധി 370 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്കുമായിട്ടാണ് എൻജിൻ ജോടിയാക്കിയിരിക്കുന്നത്. CBU യൂണിറ്റായാണ് ഈ വാഹനം ഇന്ത്യയിൽ എത്തുന്നത്.
പുതിയ ഗോൾഫ് ജിടിഐയുടെ പ്രധാന സവിശേഷതകളിൽ ഒന്ന് അതിന്റെ അപ്ഡേറ്റ് ചെയ്ത ഇൻഫൊടെയിൻമെന്റ് സിസ്റ്റമാണ്. ഇതിൽ വോയ്സ് അസിസ്റ്റും ചാറ്റ് ജി.പി.ടിയും സജ്ജീകരിച്ചിട്ടുണ്ട്. ഇലക്ട്രിക്കലി കൺട്രോൾ ചെയ്യാവുന്ന മുൻ ഡിഫ്രൻഷൻ ലോക്ക് ഇതിലുണ്ട്.
ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടാർട്ടൻ സീറ്റ് അപ്ഹോൾസ്റ്ററി, ജിടിഐ സ്റ്റിയറിംഗ് വീൽ, പുഷ് ബട്ടൺ സ്റ്റാർട്ട് എന്നിവ ഗോൾഫ് ജി.ടി.ഐയുടെ മറ്റ് സവിശേഷതകളാണ്. കൂടാതെ വേരിയബിൾ സ്റ്റിയറിംഗ് റാക്ക്, പിനിയൻ ഗിയറിംഗ് എന്നിവ ഉൾക്കൊള്ളുന്ന പ്രോഗ്രസീവ് സ്റ്റിയറിംഗ് വീലും ഇതിൽ ലഭ്യമാണ്. 5.9 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുന്ന ഈ കാറിന്റെ പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്.
Story Highlights : Volkswagen Golf GTI Pre-launch Bookings Closed In India