ഇന്ത്യയിലെ ആദ്യ എസ് യുവി എന്നറിയപ്പെടുന്ന സിയേറയുടെ പുതിയ ടീസർ ടാറ്റ പുറത്തിറക്കി. നവംബർ 25-ന് പുതിയ സിയേറ ഇന്ത്യൻ വിപണിയിൽ എത്തും. ഈ വാഹനം ടാറ്റയുടെ മോഡൽ നിരയിൽ കർവിനും ഹാരിയറിനും ഇടയിലായിരിക്കും സ്ഥാനം പിടിക്കുക.
പുതിയ ടീസറിൽ, ‘ദി ലെജൻഡ് റിട്ടേൺസ്’ എന്ന അടിക്കുറിപ്പോടെയാണ് ടാറ്റ പഴയ പ്രതാപിയായ സിയേറയുടെ പുതിയ രൂപം അവതരിപ്പിക്കുന്നത്. 90-കളിലെ വിപണിയിലെ താരത്തെ അതേപടി നിലനിർത്തിക്കൊണ്ടാണ് പുതിയ സിയേറ എത്തുന്നത്. ടാറ്റ മോട്ടോഴ്സ് ഈ വാഹനത്തിന്റെ കൺസെപ്റ്റ് ആദ്യമായി പ്രദർശിപ്പിച്ചത് 2023-ലെ ഡൽഹി ഓട്ടോ എക്സ്പോയിലാണ്.
ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ് തുടങ്ങിയ മോഡലുകളായിരിക്കും വിപണിയിൽ സിയേറയുടെ പ്രധാന എതിരാളികൾ. ഫുൾ-വിഡ്ത്ത് എൽഇഡി ടെയിൽ ലാമ്പുകൾ, ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, ഗ്ലോസ്-ബ്ലാക്ക് ബോഡി ക്ലാഡിംഗ്, ഡ്യുവൽ-ടോൺ അലോയ് വീലുകൾ എന്നിവ വാഹനത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. കൂടാതെ റൂഫ് വരെ നീളുന്ന ഗ്ലാസ് വിൻഡോ, ബോക്സി രൂപം, ഉയർന്ന ബോണറ്റ് എന്നിവയും പുതിയ മോഡലിൽ നൽകിയിട്ടുണ്ട്.
ആദ്യം ഐസിഇ പതിപ്പായിരിക്കും വിപണിയിൽ എത്തുക, അതിനുശേഷം ഇലക്ട്രിക് പതിപ്പ് പുറത്തിറങ്ങും. സിയേറയുടെ പ്രൊഡക്ഷൻ പതിപ്പ് 2025-ലെ ഭാരത് മൊബിലിറ്റി എക്സ്പോയിൽ പ്രദർശിപ്പിച്ചിരുന്നു. ഇതാദ്യമായാണ് ബ്രാൻഡ് എസ്യുവി അന്തിമ രൂപം പുറത്തുവിടുന്നത്.
ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, ഇൻഫോടെയ്ൻമെന്റിനായുള്ള വലിയ സെൻട്രൽ ടച്ച്സ്ക്രീൻ, മുൻവശത്തെ യാത്രക്കാർക്കായി ഒരു അധിക സ്ക്രീൻ എന്നിവ ഉൾപ്പെടുന്ന മൂന്ന് സ്ക്രീൻ ലേഔട്ട് ടാറ്റ സിയറ ഐസിഇയിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. കർവ് കൂപ്പെ എസ്യുവിയിൽ നൽകിയിട്ടുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും, അടിസ്ഥാന വേരിയന്റുകളിൽ 1.5 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനും, ഡീസൽ എഞ്ചിനും സിയേറയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Story Highlights: ടാറ്റയുടെ പുതിയ സിയേറയുടെ ടീസർ പുറത്തിറങ്ങി; നവംബർ 25-ന് വിപണിയിൽ എത്തും.


















