റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയുടെ പരമോന്നത ബഹുമതിയായ ഓഡർ ഓഫ് സെൻറ് ആൻഡ്രു നൽകി ആദരിച്ചു. ഇത് ഇന്ത്യക്കാകെയുള്ള അംഗീകാരമാണെന്ന് മോദി പ്രതികരിച്ചു. രണ്ട് ദിവസത്തെ റഷ്യൻ സന്ദർശനത്തിനിടെ നടന്ന 22-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ പുടിനുമായി മോദി കൂടിക്കാഴ്ച നടത്തി. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനുശേഷമുള്ള മോദിയുടെ ആദ്യ റഷ്യൻ സന്ദർശനമായിരുന്നു ഇത്.
കൂടിക്കാഴ്ചയിൽ ഇന്ത്യ-റഷ്യ ബന്ധം ശക്തിപ്പെടുത്താനുള്ള നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടതായി മോദി അറിയിച്ചു. റഷ്യ-യുക്രൈൻ സംഘർഷം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് പുടിനുമായി തുറന്ന ചർച്ച നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. റഷ്യൻ സേനയിലേക്ക് റിക്രൂട്ട് ചെയ്ത ഇന്ത്യക്കാരെ തിരികെ എത്തിക്കണമെന്ന മോദിയുടെ ആവശ്യം പുടിൻ അംഗീകരിച്ചു.
എന്നാൽ, മോദി-പുടിൻ കൂടിക്കാഴ്ചയെ വിമർശിച്ച് യുക്രൈൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി രംഗത്തെത്തി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവ് കുറ്റവാളിയെ കാണുന്നത് നിരാശാജനകമാണെന്നും സമാധാന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണെന്നും സെലൻസ്കി പ്രതികരിച്ചു.