വിഴിഞ്ഞം തുറമുഖത്തിന് പുതിയ റെക്കോഡ് നേട്ടം കൈവരിക്കാനായി. ഒരു കപ്പലിൽ നിന്ന് 10,330 കണ്ടെയ്നറുകൾ കൈകാര്യം ചെയ്താണ് ഈ നേട്ടം സ്വന്തമാക്കിയത്. രാജ്യത്തെ തുറമുഖങ്ങളിൽ തന്നെ ഒരു കപ്പലിൽ നിന്ന് നടന്ന ഏറ്റവും വലിയ കണ്ടെയ്നർ നീക്കങ്ങളിൽ ഒന്നാണിത്. സംസ്ഥാനത്ത് ആദ്യമായാണ് ഒറ്റ കപ്പലിൽ നിന്ന് 10,000-ത്തിലധികം കണ്ടെയ്നർ നീക്കം നടക്കുന്നത്.
സെപ്റ്റംബർ 27-ന് വിഴിഞ്ഞത്തെത്തിയ എം.എസ്.സി.യുടെ (മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി) അന്ന എന്ന കപ്പലിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. മൂന്നു ദിവസം കൊണ്ടാണ് ഇത്രയും കണ്ടെയ്നറുകളുടെ നീക്കം നടന്നത്. കണ്ടെയ്നറുകൾ ഇറക്കുകയും തിരികെ കയറ്റുകയും ചെയ്താണ് ഈ നേട്ടം സാധ്യമാക്കിയത്. 399.98 മീറ്റർ നീളവും 58.6 മീറ്റർ വീതിയും 14.7 മീറ്റർ ആഴവുമുള്ള എം.എസ്.സി. അന്ന മദർഷിപ്പ് വിഴിഞ്ഞം തുറമുഖത്തെത്തിയ ഏറ്റവും വലിയ രണ്ടാമത്തെ കപ്പലാണ്.
തുറമുഖത്തിന്റെ കമ്മിഷനിങ്ങിന് മുന്നോടിയായുള്ള ട്രയൽ റൺ സമയത്ത് തന്നെ ഇതുവരെ 20 കപ്പലുകൾ വിഴിഞ്ഞത്ത് എത്തിയിട്ടുണ്ട്. ഇതിൽ 15 എണ്ണവും ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ എം.എസ്.സി.യുടേതാണ്. ഇതുവരെ 50,000-ലധികം കണ്ടെയ്നറുകളുടെ നീക്കം നടന്നു കഴിഞ്ഞു. ചരക്ക് കയറ്റിറക്കുമതിക്ക് ശേഷം സെപ്റ്റംബർ 30-ന് എം.എസ്.സി. അന്ന കപ്പൽ ശ്രീലങ്കയിലെ കൊളംബോയിലേക്ക് മടങ്ങിയിരുന്നു.
Story Highlights: Vizhinjam port handles record 10,330 containers from single ship, setting new milestone in Indian ports