തിരുവനന്തപുരം◾: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. വിഴിഞ്ഞം തുറമുഖത്ത് പ്രത്യേകം തയ്യാറാക്കിയ വമ്പിച്ച വേദിയിൽ രാവിലെ 11 മണിക്കാണ് കമ്മീഷനിങ് ചടങ്ങുകൾക്ക് തുടക്കം കുറിക്കുക. രാജ്ഭവനിൽ തങ്ങുന്ന പ്രധാനമന്ത്രി രാവിലെ 10.15ന് പുറപ്പെട്ട് പാങ്ങോട് മിലിട്ടറി ക്യാമ്പിലെത്തും. അവിടെ നിന്ന് 10.25ന് ഹെലികോപ്റ്ററിൽ വിഴിഞ്ഞത്തേക്ക് യാത്ര തിരിക്കും.
പോർട്ട് ഓപ്പറേഷൻ സെന്റർ പ്രധാനമന്ത്രി 10.40 മുതൽ 20 മിനിറ്റ് സന്ദർശിക്കും. തുടർന്ന് 11 മണിക്ക് ആരംഭിക്കുന്ന കമ്മീഷനിങ് ചടങ്ങുകൾ ഒന്നര മണിക്കൂർ നീണ്ടുനിൽക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, തലസ്ഥാനത്തുനിന്നുള്ള മന്ത്രിമാർ, ഡോ. ശശി തരൂർ എം.പി, അടൂർ പ്രകാശ് എം.പി, എ. എ റഹീം എം.പി, എം വിൻസെന്റ് എം.എൽ.എ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരിക്കും.
ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചടങ്ങിൽ പങ്കെടുക്കില്ല. കമ്മീഷനിങ് ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ ഏകദേശം 10,000 പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തമ്പാനൂരിൽ നിന്നും കിഴക്കേക്കോട്ടയിൽ നിന്നും കെഎസ്ആർടിസി പ്രത്യേക സർവീസുകൾ വിഴിഞ്ഞത്തേക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
രാവിലെ ഏഴ് മുതൽ 9.30 വരെ മുല്ലൂരിലെ തുറമുഖ കവാടത്തിനരികിലെ റോഡിലൂടെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതണമെന്നും നിർദ്ദേശമുണ്ട്. പ്രധാന കവാടത്തിലൂടെ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വാഹന വ്യൂഹം മാത്രമേ കടത്തിവിടുകയുള്ളൂ. വിഴിഞ്ഞം പരിസരത്ത് പാർക്കിംഗിനടക്കം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളിലൊന്നായ എം എസ് സി സെലസ്റ്റിനോ മെരിക്ക എന്ന കൂറ്റൻ മദർഷിപ്പ് കമ്മീഷനിങ് ദിവസം വിഴിഞ്ഞത് എത്തും. ചടങ്ങിൽ പങ്കെടുക്കാനായി എത്തിയ പ്രധാനമന്ത്രി നിലവിൽ രാജ്ഭവനിലാണ് തങ്ങുന്നത്.
Story Highlights: Prime Minister Narendra Modi will inaugurate the Vizhinjam International Seaport in Thiruvananthapuram, Kerala, today.