വിഴിഞ്ഞം തുറമുഖത്തിലേക്ക് ആദ്യ ചരക്ക് കപ്പൽ ജൂലൈ 12ന്; രണ്ടായിരം കണ്ടെയ്നറുകളുമായി മെർസ്‌ക് ലൈനിന്റെ ‘സാൻ ഫെർണാണ്ടോ’ എത്തും

Anjana

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്ക് ആദ്യ ചരക്ക് കപ്പൽ എത്തുന്നത് ജൂലൈ 12നാണ്. ഡാനിഷ് ഷിപ്പിംഗ് കമ്പനിയായ മെർസ്‌ക് ലൈനിന്റെ ‘സാൻ ഫെർണാണ്ടോ’ എന്ന കപ്പലാണ് ട്രയൽ റണ്ണിനായി എത്തുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിന്റെ ചാറ്റേഡ് മദർഷിപ്പാണിത്. രണ്ടായിരത്തിലേറെ കണ്ടെയ്നറുകളുമായാണ് ഈ പടുകൂറ്റൻ കപ്പൽ വിഴിഞ്ഞത്ത് എത്തുന്നത്.

ചൈനയിലെ ഷിയാമെൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്. 110-ലധികം രാജ്യങ്ങളിൽ കാർഗോ സർവീസ് നടത്തുന്ന മെസ്‌ക്കിന്റെ കപ്പലിലെ മുഴുവൻ ചരക്കും വിഴിഞ്ഞത്തിറക്കും. എട്ട് ഷിപ്പ് ടു ഷോർ ക്രെയ്നും 23 യാർഡ് ക്രെയ്നുകളും ഉപയോഗിച്ചാണ് ചരക്ക് ഇറക്കുന്നത്. മദ്രാസ് ഐഐടി വികസിപ്പിച്ചെടുത്ത സോഫ്‌റ്റ്‌വേറിൽ പ്രവർത്തിക്കുന്ന തുറമുഖ നാവിഗേഷൻ സെന്ററാണ് വിഴിഞ്ഞത്തെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വ്യാഴാഴ്ച കപ്പൽ വിഴിഞ്ഞം തീരത്തെത്തും. വെള്ളിയാഴ്ച ആഘോഷമായ വരവേൽപ്പ് നടക്കും. തുടർന്ന് ട്രയൽ കാലമായിരിക്കും. അടുത്ത രണ്ട് മാസം ലോകോത്തര കമ്പനികളുടെ കപ്പലുകൾ വിഴിഞ്ഞത്ത് വന്നുപോകും. ഓണക്കാലത്ത് തുറമുഖത്തിന്റെ കമ്മീഷനിംഗ് നടത്തുമെന്നാണ് പ്രഖ്യാപനം. ഇതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിക്കും.