വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്കുള്ള ആദ്യ മദർഷിപ്പ് എത്തിച്ചേരുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിന്റെ ചാർട്ടേഡ് മദർഷിപ്പ് സാൻ ഫെർണാണ്ടോ ആണ് രണ്ടായിരം കണ്ടെയ്നറുകളുമായി എത്തുന്നത്. ഇപ്പോൾ ശ്രീലങ്കൻ തീരം കടന്ന കപ്പൽ നാളെ രാവിലെ 9 മണിക്ക് വിഴിഞ്ഞത്ത് നങ്കൂരമിടും. കപ്പലിന്റെ നിലവിലെ വേഗം 12.3 നോട്ടിക്കൽ മൈലാണ്.
വിഴിഞ്ഞത്ത് എത്തുന്ന മദർഷിപ്പിൽ നിന്നും നാളെ തന്നെ കണ്ടയ്നറുകൾ ഇറക്കിത്തുടങ്ങും. 110-ലധികം രാജ്യങ്ങളിൽ കാർഗോ സർവീസ് നടത്തുന്ന ഡാനിഷ് കമ്പനിയായ മെസ്കിന്റെ കപ്പലാണ് ട്രയൽ റണ്ണിന് എത്തുന്നത്. മുഴുവൻ ചരക്കും വിഴിഞ്ഞത്തിറക്കും.
വിഴിഞ്ഞത്ത് സജ്ജമാക്കിയ എട്ട് ഷിപ്പ് ടു ഷോർ ക്രെയ്നും 23 യാർഡ് ക്രെയ്നുകളും ചരക്ക് ഇറക്കാൻ ഉപയോഗിക്കും. മദ്രാസ് ഐഐടി വികസിപ്പിച്ചെടുത്ത സോഫ്റ്റ്വേറിൽ പ്രവർത്തിക്കുന്ന തുറമുഖ നാവിഗേഷൻ സെന്ററാകും വിഴിഞ്ഞത്തെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക.