വിസ്മയ കേസിലെ പ്രതി കിരണിന് പരോൾ അനുവദിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി വിസ്മയുടെ പിതാവ് ത്രിവിക്രമൻ രംഗത്തെത്തി. പരോൾ അനുവദിച്ച നടപടിയുടെ സാധുത അന്വേഷിക്കണമെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസ് റിപ്പോർട്ട് തള്ളിയാണ് ജയിൽ ഡിജിപി പരോൾ അനുവദിച്ചതെന്നും ത്രിവിക്രമൻ ആരോപിച്ചു.
കിരണിന്റെ പരോൾ അപേക്ഷയിൽ ആദ്യം പൊലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും പ്രതികൂലമായിരുന്നു. എന്നാൽ രണ്ടാമത്തെ അപേക്ഷയിൽ പ്രൊബേഷൻ റിപ്പോർട്ട് അനുകൂലമായി മാറി. ഇതിനെ തുടർന്ന് ജയിൽ മേധാവി 30 ദിവസത്തെ പരോൾ അനുവദിക്കുകയായിരുന്നു. എന്നാൽ കടുത്ത നിബന്ധനകളോടെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്. കേസിലെ സാക്ഷികളെ കാണാൻ പാടില്ല, വിസ്മയയുടെ വീടിന്റെ പരിസരത്ത് പോകാൻ പാടില്ല തുടങ്ങിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
2021 ജൂൺ 21-നാണ് നിലമേൽ കൈതോട് കുളത്തിൻകര മേലേതിൽ പുത്തൻവീട്ടിൽ ത്രിവിക്രമൻ നായരുടെയും സരിതയുടെയും മകൾ വിസ്മയയെ അമ്പലത്തുംഭാഗത്തെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ഉയർന്നതോടെ അന്വേഷണം ആരംഭിച്ചു. പീഡനത്തിന്റെ നിരവധി തെളിവുകൾ പുറത്തുവന്നതോടെ ഭർത്താവ് കിരൺ ഒളിവിൽ പോയെങ്കിലും പിന്നീട് പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കിരണിന് പരോൾ അനുവദിച്ചതിനെതിരെ വിസ്മയുടെ കുടുംബം ശക്തമായി പ്രതിഷേധിക്കുന്നത്.
Story Highlights: Vismaya case: Father demands investigation into parole granted to accused Kiran