മെൽബണിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ വീണ്ടും വിരാട് കോഹ്ലിയെ കേന്ദ്രീകരിച്ച് വിവാദം പൊട്ടിപ്പുറപ്പെട്ടു. ഓസ്ട്രേലിയൻ ബാറ്റർ സാം കോൺസ്റ്റാസിനെ ചുമലുകൊണ്ട് ഇടിച്ച സംഭവത്തിന് പിന്നാലെയാണ് ഈ പുതിയ വിവാദം ഉടലെടുത്തത്. കരിയറിന്റെ തുടക്കം മുതൽ തന്നെ ഓസീസ് കാണികളുമായി വാക്കുകൾ കൊണ്ടും ആംഗ്യങ്ങൾ കൊണ്ടും ഏറ്റുമുട്ടുന്നത് കോഹ്ലിക്ക് പുതുമയുള്ള കാര്യമല്ല.
മെൽബൺ ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് കാണികളും കോഹ്ലിയും തമ്മിൽ വീണ്ടും കൊമ്പുകോർത്തത്. ജയ്സ്വാളിന്റെ റൺഔട്ടിന് കാരണക്കാരനായതിന് പിന്നാലെ കോഹ്ലിയെ സ്കോട്ട് ബോളണ്ട് പുറത്താക്കി. 86 പന്തിൽ നിന്ന് നാല് ഫോറടക്കം 36 റൺസെടുത്താണ് കോഹ്ലി പുറത്തായത്. തുടർന്ന് ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോൾ ടണലിൽ വെച്ച് ഒരു വിഭാഗം ഓസീസ് ആരാധകർ കോഹ്ലിയെ കൂവിവിളിക്കുകയും ആക്രോശിക്കുകയും ചെയ്തു.
ഇതോടെ പ്രകോപിതനായ കോഹ്ലി ടണലിൽ കയറിയ ശേഷം തിരികെയെത്തി തന്നെ പരിഹസിച്ചവർക്ക് നേരെ തുറിച്ചുനോക്കി. എന്നാൽ സുരക്ഷാ ജീവനക്കാരിൽ ഒരാൾ വന്ന് കോഹ്ലിയെ ശാന്തനാക്കി തിരികെ ടണലിലേക്ക് കൊണ്ടുപോവുകയായിരുന്നു. സാം കോൺസ്റ്റാസിനെ ചുമലുകൊണ്ട് ഇടിച്ച സംഭവത്തിൽ കോഹ്ലി ഓസീസ് കാണികളുടെ നോട്ടപ്പുള്ളിയായിരുന്നു. ഈ സംഭവത്തിൽ കോഹ്ലിക്ക് മാച്ച് ഫീയുടെ 20 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റും ലഭിച്ചിരുന്നു.
ഒന്നാം ദിനം 10-ാം ഓവറിൽ ക്രീസ് മാറുന്നതിനിടെയാണ് കോഹ്ലി കോൺസ്റ്റാസിന്റെ ചുമലിൽ വന്നിടിച്ചത്. വാക്കേറ്റമായതോടെ ഉസ്മാൻ ഖ്വാജയും അമ്പയർമാരുമെത്തി രംഗം ശാന്തമാക്കി. ഇതിന്റെ വീഡിയോ വൈറലായതോടെ കോഹ്ലിക്കെതിരേ മുൻ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ ക്രിക്കറ്റിന്റെ മാന്യതയ്ക്ക് യോജിച്ചതല്ലെന്നും കളിക്കാരെ ബഹുമാനത്തോടെ പിന്തുണയ്ക്കേണ്ടതുണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടു.
Story Highlights: Virat Kohli involved in another controversy with Australian fans during Melbourne Test