യുഎഇയിൽ മരിച്ച കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. അതേസമയം, മകൾ വൈഭവിയുടെ മൃതദേഹം ദുബായിൽ സംസ്കരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും.
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ നടപടികളും പൂര്ത്തിയായിട്ടുണ്ട്. ഷാർജയിലെ ഫോറൻസിക് ലാബിൽ ചൊവ്വാഴ്ച രാവിലെ 10 മണിയോടെ എംബാമിങ് നടപടികൾ പൂർത്തീകരിച്ചു. ഇതിനുശേഷമാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്നത്. വർഷങ്ങളായി ഭർത്താവിൽ നിന്ന് വിപഞ്ചിക പീഡനം നേരിട്ടിരുന്നു.
ദുബായ് ന്യൂ സോനപൂരിലായിരുന്നു വൈഭവിയുടെ സംസ്കാരം നടന്നത്. വിപഞ്ചികയുടെ ഭർത്താവ് നിധീഷ്, അമ്മ ശൈലജ, സഹോദരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിവാഹ സമയത്ത് വീട്ടുകാർ സ്വർണ്ണത്തിന് പുറമേ രണ്ടര ലക്ഷം രൂപ വിപഞ്ചികയ്ക്ക് പണമായി നൽകി. ഇതിൽനിന്നും സ്വന്തം വിദ്യാഭ്യാസ ലോണിന്റെ തുക അടയ്ക്കാൻ പറഞ്ഞത് തർക്കത്തിലേക്ക് നയിച്ചു.
ആത്മഹത്യയും കൊലപാതകവും നടന്നത് വിദേശത്തായതിനാൽ കേസ് അന്വേഷിക്കുന്നത് ക്രൈം ബ്രാഞ്ചാണ്. ഷാർജയിൽ വെച്ച് നടന്ന സംഭവത്തിൽ അന്വേഷണം നടത്തുന്നതിന് പരിമിതികളുണ്ട്. അതിനാലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.
വിവാഹത്തിന് മുമ്പ് തന്നെ സ്ത്രീധനവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. 2022 മുതൽ വിവാഹമോചനത്തിന് ശ്രമിച്ചിരുന്നുവെന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. നിതീഷിന്റെ എല്ലാ പ്രവർത്തികൾക്കും സഹോദരിയുടെയും അച്ഛന്റെയും പിന്തുണയുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.
വിപഞ്ചികയുടെ കുടുംബം ഇന്ത്യൻ കോൺസുലേറ്റിലും ഷാർജ പൊലീസിലും പരാതി നൽകിയിട്ടുണ്ട്. ഷാർജയിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എല്ലാവിധ സഹായവും കോൺസുലേറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
Story Highlights : Vipanchika’s body to be brought home today