പാരിസ് ഒളിമ്പിക്സ് ഗുസ്തിയില് ഇന്ത്യന് താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിനെതിരെയുള്ള അപ്പീല് തള്ളിയതായി റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു. കായിക കോടതി വിനേഷിന് വെള്ളി മെഡല് അനുവദിച്ചില്ലെന്നാണ് വിവരം. എന്നാല്, ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. 100 ഗ്രാം ഭാരക്കൂടുതല് കാരണമാണ് വിനേഷിനെ അയോഗ്യയാക്കിയത്. ഫൈനലിന് മുന്പുള്ള അയോഗ്യതാ നടപടി റദ്ദാക്കി വെള്ളി മെഡലെങ്കിലും അനുവദിക്കണമെന്നായിരുന്നു വിനേഷിന്റെ ആവശ്യം.
വിനേഷ് ഫോഗട്ട് മാത്രമല്ല, മറ്റ് പല താരങ്ങളും ഒളിംപിക്സില് ഭാരപരിശോധനയില് പരാജയപ്പെട്ടിട്ടുണ്ടെന്നും വിനേഷിന് മാത്രമായി ഇളവ് അനുവദിക്കാന് കഴിയില്ലെന്നുമായിരുന്നു ഫെഡറേഷന്റെ വാദം. മെഡലുറപ്പിച്ച താരം അയോഗ്യയായതോടെ അവസാന സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു. വനിതകളുടെ 50 കിലോഗ്രാം വിഭാഗം ഫൈനലില് പ്രവേശിച്ച വിനേഷിന് മത്സരദിനം നടന്ന ഭാരപരിശോധനയില് 100 ഗ്രാം കൂടുതലായിരുന്നു.
രണ്ട് ദിവസങ്ങളായി നടക്കുന്ന ഗുസ്തി മത്സരങ്ങളില് രണ്ട് തവണയാണ് ഭാര പരിശോധന നടത്തുക. ഓരോ ദിവസവും ഓരോന്ന് വീതം. ഇതില് സെമി/ക്വാര്ട്ടര്/പ്രീ ക്വാര്ട്ടര് മത്സരങ്ങള്ക്ക് മുന്പു നടന്ന ആദ്യ പരിശോധനയില് വിനേഷിന്റെ ഭാരം നിശ്ചയിച്ച 50 കിലോഗ്രാമിലും താഴെയായിരുന്നു. എന്നാല് രണ്ടാം ദിവസത്തെ പരിശോധനയിലാണ് വിനേഷ് പരാജയപ്പെട്ടത്.
Story Highlights: Vinesh Phogat loses appeal for Paris Olympics wrestling silver medal due to weight discrepancy